ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും കടുത്ത മാനസിക പീഡനമേല്‍ക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി ആലപ്പുഴയില്‍ ജീവനൊടുക്കിയ രേഷ്മയുെട ഫോണ്‍ സംഭാഷണം. കൊല്ലം ശൂരനാട് സ്വദേശിയായ യുവതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. 29കാരിയായ രേഷ്മ തന്‍റെ അച്ഛനെ വിളിച്ച് കരഞ്ഞ് പറയുന്നതാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്. 2018 മാര്‍ച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്‍റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മയുടെ ജീവനെടുത്തത്.
രേഷ്മ അച്ഛനോട് പറഞ്ഞതിങ്ങനെ... 'എന്‍റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞാന്‍ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളര്‍ത്താന്‍. ഒരാണ് ഉണ്ടെങ്കില്‍ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാന്‍ പറ്റത്തൊള്ളോ? ഞാന്‍ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് ഞാനവനെ നോക്കിക്കോളാം. ഇയാള്‍ ആ സ്വര്‍ണമെല്ലാം എടുത്ത് തരുമ്പോള്‍ അതുകൊണ്ട് നിങ്ങള്‍ടെ ബാധ്യതകളെല്ലാം തീര്‍ത്ത് മിച്ചമുണ്ടെങ്കില്‍ അതുകൊണ്ട് ഞാന്‍ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാന്‍ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്.
ഞാന്‍ സന്തോഷത്തോടെ ജീവിക്കാനൊന്നും ഇവര്‍ സമ്മതിക്കത്തില്ല. ഇയാളില്ലാതെ പറ്റത്തില്ല. നൂറ്, നൂറ്റമ്പത് ശതമാനം അതെനിക്ക് ഉറപ്പാ. എനിക്കത് ഭയങ്കര ബുദ്ധിമുട്ടും സങ്കടവുമാണ്. പക്ഷേ എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ ഈ കെഞ്ചിക്കെഞ്ചി പുറകോട്ട് പോകുന്നത്? യാചിച്ച് സ്നേഹം കണ്ടെത്തുന്നത്? ഈ രണ്ട് വര്‍ഷം കൊണ്ട്... നിങ്ങള്‍ പറഞ്ഞത് ശരിയായിരുന്നു. പട്ടിയെ പോലെ അയാളുടെ പുറകേ വന്നു ഞാന്‍..അറിയാമോ? ഈ രണ്ട് വര്‍ഷം ഞാന്‍ പുറകേ നടന്നു. അയാള് പറയുന്നത് ഞാന്‍ അയാളെ സ്നേഹിച്ചിട്ടില്ല, അയാള്‍ടെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ നിന്നിട്ടില്ല, അയാള്‍ടെ വീഴ്ചയില്‍ ഞാന്‍ കൈ താങ്ങിയിട്ടില്ല.. ഇങ്ങനൊക്കെയാണ് അയാള്‍ പറയുന്നത്. കഷ്ടവുണ്ട്, ഞാന്‍ എങ്ങനെയെങ്കിലുമൊന്ന് സന്തോഷിച്ച്... എനിക്ക് വയ്യ, എനിക്കൊന്ന് പൊട്ടിച്ചിരിക്കാന്‍ പറ്റത്തില്ല. അപ്പോ കുഴപ്പമാണ്.
അച്ഛാ ഞാനൊരു കാര്യം ചോദിച്ചോട്ടെ? അച്ഛനെ വിഷമിപ്പിക്കാന്‍ ഒന്നുമല്ല. അച്ഛനെ അമ്മ കെയര്‍ ചെയ്യാതെ വേറെ ആരെയേലും കെയര്‍ ചെയ്താല്‍ അത് അച്ഛന് ഇഷ്ടപ്പെടുമോ? അതിപ്പോ അമ്മയുടെ സ്വന്തം ചേച്ചിയായാലും ആങ്ങള ആയാലും ഇഷ്ടപ്പെടുമോ? എന്നെക്കൊണ്ടത് അക്സപ്റ്റ് ചെയ്യാന്‍ പറ്റത്തില്ല. അയാളിത് എന്നോട് പറഞ്ഞതാ. അയാളുടെ ചേട്ടന് ഭയങ്കര ഇഷ്ടമായിരുന്നു. അതിന് പകരമായിട്ട് അയാളുടെ ചേട്ടന്‍റെ മക്കളെ ഇരട്ടിയായി സ്നേഹിക്കുമെന്ന്. അതിനൊന്നും ഞാന്‍ പരാതി പറയുന്നില്ല. ഒരു വീഴ്ച വന്നപ്പോ അവര്.. പിന്നെയും അവരെത്തന്നെ താങ്ങി ഇങ്ങനെ നില്‍ക്കണമെന്ന് പറയുന്നത് എന്ത് ഉത്തരവാദിത്തമാണ്? അവരുടെ കുടുംബത്തില്‍ നില്‍ക്കുന്നതാണെന്ന് അവന്‍. അതുകൊണ്ടാ അവരെ സ്നേഹിക്കുന്നതെന്ന്. അവര്‍ക്ക് വിഷമം വരുമ്പോ ഇയാള്‍ക്ക് നോവുന്നത് അതുകൊണ്ടാണെന്ന്. അപ്പോ ഞാന്‍ ആരാണ്?
എന്നോട് അയാള്‍ പറഞ്ഞതാ.. കൂടെക്കിടക്കാന്‍ 1000 രൂപ കൊടുത്താല്‍ ആരെങ്കിലും വരുമെന്ന്.. ഇങ്ങനൊക്കെ പറയുന്നവനോട് ഞാനെന്താ പറയേണ്ടത്? 1000 രൂപ കൊടുത്താല്‍ അയാള്‍ക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്. ഞാന്‍ കോളൊന്നും റെക്കോര്‍ഡ് ചെയ്തിട്ടില്ല. അയാള്‍ ചെയ്യുന്നുണ്ടായിരുന്നല്ലോ. ഞാനെവിടെ പോയാലും ഇവര് പറയുന്നത് ഇത് തന്നെയാ. അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കൊരു ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട. എനിക്കെന്‍റെ മനസാക്ഷിയോട് പറഞ്ഞാല്‍ മതി. എനിക്കാരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ഇവര് വേണേല്‍ എവിടെ വേണമെങ്കിലും കൊണ്ട് ചെല്ലട്ടെ. ഇവര്‍ക്ക് നല്ല കഴിവും ബന്ധവുമുണ്ടല്ലോ. അവിടെ കൊണ്ട് കൊടുക്കട്ടെ, ഇവരുടെ മകന് ഞാന്‍ മനസമാധാനം കൊടുക്കുന്നില്ലെന്ന്..ഞാന്‍ പിഴയാണെന്ന് തന്നെ പറഞ്ഞോട്ടെ..എന്തായാലും അക്സപ്റ്റ് ചെയ്യാന്‍ ഞാന്‍ തയാറാണ്. എന്നെയങ്ങ് വെറുതേ വിട്ടേര്..എനിക്കിനി സഹിക്കാന്‍ വയ്യ.
അയാള് മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ച് അച്ഛാ... പക്ഷേ ഞാനെന്ത് ചെയ്യാനാ? ഇയാള്‍ മാറിയിട്ടില്ല. ഇയാള്‍ എന്‍റെ പിറന്നാളിനൊക്കെ കേക്ക് മുറിച്ചപ്പോ ഞാനെത്രമാത്രം സന്തോഷിച്ചെന്ന് അറിയാമോ? എത്രമാത്രം... പക്ഷേ അതൊക്കെ അയാളുടെ വെറും അഭിനയമായിരുന്നു. 300 രൂപയുടെ കേക്ക് മേടിച്ചോണ്ട് വന്നപ്പോ.. ഞാനെന്റെ... എനിക്ക് പറയാന്‍ അറിയത്തില്ലച്ഛാ..ആഹാരം കഴിക്കുന്നതിന് വരെ കണക്കല്ലേ ഇവിടെ. അയാള്‍ടെ അച്ഛന്‍ എന്‍റെ മുഖത്ത് നോക്കി പറഞ്ഞതാ, അയാള്‍ടെ ചെലവിലാ ഞാന്‍ നില്‍ക്കുന്നതെന്ന്. ഞാന്‍ ജോലി ചെയ്തിട്ട് വീട്ടിലേക്കൊന്നും കൊടുക്കുന്നില്ലല്ലോ, കൊച്ചിനെയും നിന്‍റെയും കാര്യം നോക്കിക്കൂടായോ എന്നാണ് ചോദിക്കന്നത്. ശരിയാ, എനിക്ക് ജോലിയുള്ളപ്പോള്‍ എന്‍റെയും കുഞ്ഞിന്‍റെയും കാര്യം നോക്കാമല്ലോ. ഞാന്‍ കാരണം കുഞ്ഞിന്‍റെ ജീവിതവും നശിച്ചു. അവന്‍റെ സ്കൂളില്‍ നിന്ന് വരെ വിളിച്ചു പറഞ്ഞു. ഞാന്‍ വഴക്കുണ്ടാക്കുന്നത് കൊണ്ട് മനസമാധാനക്കേടാണെന്ന്. ഭക്ഷണമൊന്നും കഴിക്കാതെ ഇരുന്നപ്പോള്‍ സ്കൂളില്‍ നിന്ന് മിസ് വിളിച്ച് പറഞ്ഞു. അയാള് പറഞ്ഞു ഞാനാണ് കുഞ്ഞിന്‍റെ മനസമാധാനം കളയുന്നതെന്ന്.ഇയാള്‍ സാഹചര്യം ഉണ്ടാക്കി വച്ചിട്ടല്ലേ? ആ കൊച്ചിനിവിടെ നില്‍ക്കാന്‍ ഇഷ്ടമില്ലെന്ന്. അതിനെ പന്ത് തട്ടുന്ന പോലെ തട്ടുവാ എന്ന്.. ഇവര്‍ടെ കൊച്ചുമോന്‍'.
രേഷ്മ തന്‍റെ സങ്കടങ്ങള്‍ വിവരിക്കുമ്പോള്‍ അച്ഛന്‍ കൂടെ ഒന്നാലോചിക്കട്ടെയെന്നും നിന്‍റെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷമെന്നും പിതാവ് പ്രകാശ് പറയുന്നുണ്ട്. മകള്‍ വിഷമിക്കരുതെന്നും സമാധാനമായിരിക്കെന്നും അദ്ദേഹം ആശ്വസിപ്പിക്കുന്നുമുണ്ട്. രേഷ്മയുടെ സംസ്കാരച്ചടങ്ങുകളില്‍ ഭര്‍തൃവീട്ടുകാര്‍ പങ്കെടുത്തില്ലെന്നും പൊലീസിന്‍റെ സഹായത്തോടെയാണ് ആറുവയസുള്ള മകനെ സംസ്കാരത്തിന് കൊണ്ടു വന്നതെന്നും കുടുംബം വെളിപ്പെടുത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)