കോതമംഗലം ഇന്ദിരഗാന്ധി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. മാങ്കുളം സ്വദേശിനി നന്ദനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച കുടുംബം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. കോളജില്‍ മറ്റ് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പലും വ്യക്തമാക്കി.
നെല്ലിക്കുഴിയില്‍ കോളജ് കോംപൗണ്ടിലെ ഹോസ്റ്റലിലാണ് നന്ദന താമസിച്ചിരുന്നത്. ശനി,ഞായര്‍ അവധിയെ തുടര്‍ന്ന് നന്ദനയുടെ മുറിയില്‍ താമസിച്ചിരുന്ന മൂന്നുപേര്‍ വീട്ടിലേക്ക് പോയിരുന്നു. ഇതിലൊരാള്‍ രാവിലെ എട്ട് മണിക്ക് മടങ്ങിയെത്തി പരിശോധിച്ചപ്പോളാണ് നന്ദനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. വെള്ളിയാഴ്ച ഫീസടയ്ക്കാനുള്ള പണം പിതാവ് ഹരി നന്ദനയ്ക്ക് അയച്ച് നല്‍കിയിരുന്നു. മറ്റ് പ്രശ്നങ്ങളെ കുറിച്ച് കുടുംബത്തിനും അറിവില്ല.
സമൂഹമാധ്യമങ്ങളിലടക്കം സജീവമായിരുന്നു നന്ദന. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത നിലയിലാണ്. കോളജിലും സജീവമായിരുന്ന വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അധ്യാപകരും ഞെട്ടലിലാണ്.
പ്രാഥമിക പരിശോധനയില്‍ നന്ദനയുടേത് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. നന്ദനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിലേക്ക് നയിച്ചതുമായി ബന്ധപ്പെട്ട സൂചനകള്‍ ഇതില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോതമംഗലം പൊലീസ്.