സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പഴയ കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി.
അയ്മനം പരിപ്പ് ദേവസ്വത്തിൽ 1988 –89 വർഷത്തിൽ സുധീഷ് സബ് ഗ്രൂപ്പ് ഓഫിസർ ആയി ജോലി നോക്കുമ്പോഴാണ് സംഭവം. വാടകവീടിനു സമീപം തോട്ടിലെ കുളിക്കടവിന്റെ കരയിൽ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളിൽ രണ്ടു പേരും, സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന ദേവസ്വം ബോർഡ് ജീവനക്കാരനും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിച്ചു. സുധീഷിന്റെ സുഹൃത്തായിരുന്ന ഒരു പൊലീസുകാരനും മകനും കേസിൽ ഉൾപ്പെട്ടിരുന്നു.
അതേസമയം ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. വ്യക്തിപരമായ അസൗകര്യം കാരണം തലസ്ഥാനത്ത് എത്താൻ വൈകുമെന്ന് അറിയിച്ച ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനും ഇനി സാവകാശം നൽകേണ്ടതില്ലെന്നാണ് തീരുമാനം
എസ്.ഐ.ടി. നേരത്തെയുള്ള ചോദ്യം ചെയ്യലിന്റെ തുടർച്ചയെന്ന നിലയിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എസ്. ഐ.ടി യുടെ അന്വേഷണം വിപുലമാക്കുന്നതിന് പത്മകുമാറിന്റെ ചോദ്യം ചെയ്യൽ അനിവാര്യമാണ്. എസ്. ഐ.ടി യുടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരെ ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യലിനൊപ്പം അടുത്തദിവസം ശബരിമലയിൽ എത്തിച്ച് തെളിവെടുക്കാനുള്ള സാധ്യതയുമുണ്ട്.