തിരുവനന്തപുരത്ത് മകന്‍റെ ചോറൂണ് നടക്കുന്നതിനിടെ യുവാവ് ജീവനൊടുക്കി. വിതുര പേരയത്തുപാറ സ്വദേശി അമല്‍ കൃഷ്ണന്‍ (35) ആണ് മരിച്ചത്. കടബാധ്യത കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് എഴുതിയ കുറിപ്പും കണ്ടെത്തി.
മകന്റെ ചോറൂണ് നടത്താന്‍ തീരുമാനിച്ച സമയത്താണ് സംഭവം നടക്കുന്നത്. രാവിലെ എട്ടരയ്ക്കും ഒന്‍പതരയ്ക്കും ഇടയിലാണ് ചോറൂണ് നിശ്ചയിച്ചിരുന്നത്. ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ അമലിനെ കാണാതായതോടെ കുടുംബം ഫോണില്‍ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. പിന്നീട് പരിസരത്താകെ നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ അമലിനെ കണ്ടെത്തിയത്.
അമല്‍ പങ്കാളികളുമായി ചേര്‍ന്ന് ഒരു ടര്‍ഫ് നടത്തുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ കടമാണ് അമലിന്റെ മനോനില തെറ്റിച്ചതെന്നാണ് കുടുംബം നല്‍കുന്ന സൂചന. വിതുര പൊലീസാണ് പിന്നീടുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചത്.