കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന കേസില്‍ പിടിയിലായ മുന്‍ കൗണ്‍സിലറുടെ മകന്‍ അഭിജിത്ത് പല കേസുകളിലും പ്രതിയെന്ന് നാട്ടുകാര്‍. വാഹനക്കേസുകളിലും ലഹരിക്കേസുകളിലും സ്ഥിരം പ്രതിയാണ്. സാമ്പത്തിക ഇടപാടിലുള്ള തര്‍ക്കം ചര്‍ച്ച ചെയ്യാനാണ് പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞ് പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ഇവരുടെ വീട്ടിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അഭിജിത് അടുക്കളയില്‍ നിന്നും കറിക്കത്തിയെടുത്ത് ആദര്‍ശിനെ കൊലപ്പെടുത്തുകയായിരുന്നു. അഭിജിത്തും മരിച്ച ആദര്‍ശും ലഹരിക്കേസുകളിലെ പ്രതികളാണ്.
സംഭവം കഴിഞ്ഞ് പ്രതികളായ അച്ഛനും മകനും കൂടി ആദര്‍ശിന്റെ ചോരയൊലിക്കുന്ന ബോഡി സമീപത്തെ കുളത്തിലേക്ക് ഉപേക്ഷിക്കാനായി ശ്രമിച്ചെങ്കിലും വഴിയാത്രക്കാരന്‍ കണ്ടതോടെ പ്ലാന്‍ പാളി. ഇതോടെ വഴിയാത്രക്കാരന്‍ പൊലീസിനെ വിളിച്ചറിയിച്ചു കാര്യങ്ങള്‍ പുറത്തറിഞ്ഞു. കോട്ടയത്തെ മുന്‍ കൗണ്‍സിലറും മകനുമാണ് പിടിയിലായത്.
കോട്ടയത്ത് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ അനില്‍കുമാര്‍ ഇത്തവണയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. ടിറ്റോ എന്നറിയപ്പെടുന്ന അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ സീറ്റ് കിട്ടാതായതോടെ സിപിഎമ്മിലേക്ക് മാറാനും മത്സരിക്കാനും ശ്രമിച്ചെങ്കിലും സിപിഎമ്മും ഇയാളെ സ്വീകരിച്ചില്ല. തുടര്‍ന്നും പല രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ലെന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകവിവരം അറിഞ്ഞ് മാണിക്കുന്നത്തെത്തിയ പൊലീസിന് പ്രതികളെ പിടികൂടാനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. അനില്‍കുമാറിനേയും മകനേയും പിടികൂടി ജീപ്പില്‍ കയറ്റാന്‍ നോക്കിയപ്പോള്‍ അമ്മയെ ഒറ്റയ്ക്കാക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് അഭിജിത് പൊലീസിനൊപ്പം പോകാന്‍ മടിച്ചു. അതേസമയം മോനേ നീ വണ്ടിയില്‍ കയറ് എന്ന് അമ്മ വിളിച്ചു പറയുന്നതും, പ്രതികളെ ഞങ്ങള്‍ ജീപ്പില്‍ കയറ്റില്‍ തരാമെന്ന് നാട്ടുകാര്‍ പറയുന്നതുമായി ദൃശ്യങ്ങളും പുറത്തുവന്നു.