പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ സർക്കാർ ധനസഹായം അനുവദിച്ചു. ചികിത്സയിൽ തുടരുന്ന കുട്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് അനുവദിച്ചത്. തുക നന്നേ അപര്യാപ്തമെന്നായിരുന്നു കുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം.
കഴിഞ്ഞ സെപ്റ്റംബർ 30 നാണ് വിനോദിനിയുടെ കൈ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മുറിച്ചു മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവായിരുന്നു വില്ലൻ. അന്ന് തൊട്ട് ഇതുവരെ കുടുംബം മെഡിക്കൽ കോളജിൽ തന്നെയാണ്. കുടുംബം നേരിടുന്ന കടുത്ത സാമ്പത്തിക കഴിഞ്ഞദിവസം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു തീരുമാനമായാത്. എന്നാൽ വൻ സാമ്പത്തിക ബാധ്യതയിൽ കഴിയുന്ന കുടുംബത്തിന് ഈ തുക അപര്യാപ്തമാണെന്ന വിമർശനം ഉയർന്നു. കൃത്രിമ കൈ വെക്കണമെങ്കിൽ 25 ലക്ഷം രൂപ ചെലവു വരും. ഡോക്ടർമാർ വരുത്തി വെച്ച വിനയാണെന്നും സർക്കാർ തങ്ങളെ കൈവിടരുതെന്നും കുട്ടിയുടെ മാതാവ്.
കൂടുതൽ തുകക്കായി ഇടപെടുന്നുണ്ടെന്ന് സ്ഥലം എം.എൽ.എ കെ. ബാബു അറിയിച്ചു. അതേസമയം ദുരിതങ്ങൾക്ക് കാരണക്കാരായ ജില്ലാ ആശുപത്രി അധികൃതർക്കെതിരെ കുടുംബത്തിന്റെ നിയമപോരാട്ടം തുടരുകയാണ്. തങ്ങൾക്ക് നീതി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.