തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനം ദൈവ നിയോഗമെന്ന് നിയുക്ത പ്രസിഡന്‍റ് കെ.ജയകുമാര്‍ മനോരമ ന്യൂസിനോട്. ബോര്‍ഡ് പ്രവര്‍ത്തനം പ്രഫഷനലാക്കാന്‍ ശ്രമിക്കും. പ്രതിസന്ധി അവസരമെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാൻസിലറുമാണ് കെ .ജയകുമാർ . സർക്കാർ നിയോഗിച്ചാൽ എത്രയും വേഗം ചുമതല ഏറ്റെടുക്കുമെന്ന് കെ.ജയകുമാർ ഇന്നലെ പറഞ്ഞിരുന്നു. ശബരിമല സീസണ് മുന്‍ഗണന നല്‍കും. വിവാദങ്ങള്‍ക്കല്ല പ്രധാന്യം. സര്‍ക്കാരിന്റെ വിശ്വാസം കാക്കുമെന്നും ജയകുമാര്‍ മനോരമ ന്യൂസിനോടു പ്രതികരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്നലെ വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. പ്രസിഡന്റിനെ തീരുമാനിച്ചിട്ടുണ്ടെന്നും യഥാസമയം സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
നേരത്തെ ഹരിപ്പാട് മുൻ എം.എൽ. എ ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകുമെന്നായിരുന്നു സൂചന. ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ, ശബരിമല ഉന്നതാധികാര സമിതി മുൻ അധ്യക്ഷൻ കൂടിയായ ജയകുമാറിന് കഴിയുമെന്നതിനാലാണ് അദ്ദേഹത്തിലേക്ക് പുതിയ ചുമതല എത്തുന്നത്. പാർട്ടിയുടെ പൂർണ നിയന്ത്രണത്തിലുള്ള ആൾമതി എന്നായിരുന്നു സിപിഎമ്മിൽ നേരത്തെ ഉയർന്ന ആലോചന. അതിൽനിന്ന് വ്യത്യസ്തമായാണ് ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സിപിഐ നേതൃത്വവും ഇക്കാര്യത്തിൽ സമ്മതം മൂളി എന്നാണ് അറിയുന്നത്. പൊതു സ്വീകാര്യനായ ജയകുമാർ വരുന്നത് നല്ലതാകുമെന്ന് അഭിപ്രായമാണ് സിപിഐക്കും .