കൊല്ലത്തെ ഓട്ടോറിക്ഷാ തൊഴിലാളി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ മരിച്ചതില്‍ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം നടത്തണമെന്നു വേണുവിന്‍റെ കുടുംബം. ഡോക്ടര്‍മാരും ജീവനക്കാരും ക്രൂരമായിട്ടാണ് പെരുമാറിയത്. നെഞ്ചുവേദനയെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ വേണുവിന് മതിയായ ചികില്‍സ ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
ചികില്‍സാപ്പിഴവില്ലെന്ന ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം കാര്യങ്ങള്‍ അറിയാതെയാണ്. വേണുവിന്‍റെ ചികില്‍സാ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തി അന്വേഷിച്ചാലെ സത്യം പുറത്തുവരികയുള്ളുവെന്നും ബന്ധുക്കള്‍ പറയുന്നു. ഏക ആശ്രയമായിരുന്ന വേണുവിന്‍റെ മരണം കുടുംബത്തെ അനാഥമാക്കിയെന്നും മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതുകാരണം വീടിനു സമീപത്തു തന്നെ ഒരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് സംസ്കാരം നടത്തിയതും.