ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണ കമ്മിഷണറായിരുന്ന കെ.എസ്.ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതോടെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ശബരിമല സ്വര്‍ണ കവർച്ചാ കേസിൽ കെ.എസ്.ബൈജു ഏഴാം പ്രതിയാണ്.
ദ്വാരപാലക ശിൽപങ്ങൾ സ്വർണമല്ല ചെമ്പാണെന്ന് രേഖപ്പെടുത്തി റിപ്പോർട്ട് നൽകിയ സമയത്ത് ബൈജുവായിരുന്നു തിരുവാഭരണ കമ്മിഷണർ. ദേവസ്വം മാന്വൽ മറികടന്നുള്ള ഈ ഉത്തരവിന്‍റെ പിൻബലത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്നും ചെന്നൈയിലേക്ക് ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോയത്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ജീവനക്കാരായ മുരാരി ബാബു, സുധീഷ് കുമാർ എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്.
ബൈജുവിനെ എസ്പി എസ്.ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കെ.എസ്.ബൈജുവിനെ നാളെ റാന്നി കോടതിയിൽ ഹാജരാക്കും.