കോഴിക്കോട് കൊടുവള്ളി ഉപജില്ലാ കലോല്‍സവ വേദിക്ക് സമീപം വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന് പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ ന്യായീകരണവുമായി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബ്. നഗരസഭയുടെ അനുമതി ലഭിച്ചില്ലെന്ന് അറിയാതെയാണ് ടീമംഗങ്ങള്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് മുഹമ്മദ് ഷുഹൈബ് പ്രതികരിച്ചു. അനുമതിയില്ലാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതിന് മുഹമ്മദ് ഷുഹൈബിന്‍റെ വിവാദ യൂട്യൂബ് ചാനലായ എംഎസ് സൊല്യൂഷന്‍സില്‍ നിന്ന് പിഴ ഈടാക്കാന്‍ കൊടുവള്ളി നഗരസഭ തീരുമാനിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മുഹമ്മദ് ഷുഹൈബ് ന്യായീകരണവാദങ്ങള്‍ നിരത്തുന്നത്. നഗരസഭയുടെ അനുമതി ലഭിച്ചില്ലെന്ന് അറിയാതെ ടീമംഗങ്ങള്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചെന്നാണ് പ്രധാന വാദം. കുട്ടികള്‍ക്ക് ആശംസ നേര്‍ന്നാല്‍ എന്താണ് കുഴപ്പമെന്നും ചോദിക്കുന്നുണ്ട്. അതേസമയം അനുമതിയില്ലാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതിന് മുഹമ്മദ് ഷുഹൈബിന്‍റെ വിവാദ യൂട്യൂബ് ചാനലായ എംഎസ് സൊല്യൂഷന്‍സില്‍ നിന്ന് പിഴ ഈടാക്കാനാണ് കൊടുവള്ളി നഗരസഭയുടെ തീരുമാനം. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദീകരണം കൂടി ലഭിച്ച ശേഷമാകും പിഴത്തുക എത്രയെന്ന് തീരുമാനിക്കുക. കഴിഞ്ഞ ദിവസമാണ് കലോല്‍സവ വേദിക്ക് സമീപം മുഹമ്മദ് ഷുഹൈബിന്‍റെ ചിത്രത്തോട് കൂടിയ ആശംസ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത്. മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ കൊടുവളളി നഗരസഭ ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നു.