മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെ മന്ത്രി സജി ചെറിയാനെതിരെ താൻ നടത്തിയ പരാമർശം തിരുത്തി റാപ്പർ വേടൻ. മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും, മന്ത്രിക്കെതിരെ താൻ പ്രതികരിച്ചതായി വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും വേടൻ വ്യക്തമാക്കി. "പുരസ്‌കാരം തനിക്ക് വലിയ പ്രചോദനമാണ്," എന്നും വേടൻ കൂട്ടിച്ചേർത്തു. നിലവിൽ ദുബായിലുള്ളപ്പോഴാണ് വേടൻ തന്റെ പ്രതികരണം തിരുത്തിയത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പർ വേടന് നൽകിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മന്ത്രി സജി ചെറിയാന്റെ പരാമർശം വന്നത്. "വേടനു പോലും പുരസ്‌കാരം നൽകിയെന്ന" മന്ത്രിയുടെ പരാമർശം തന്നെ അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ ആദ്യം പ്രതികരിച്ചതായാണ് വാർത്തകൾ വന്നത്. ഈ വാർത്തകളാണ് അദ്ദേഹം ഇപ്പോൾ തിരുത്തിയിരിക്കുന്നത്. അതേസമയം, ഗാനരചയിതാവല്ലാത്ത വേടനാണ് പുരസ്‌കാരം ലഭിച്ചത് എന്ന അർത്ഥത്തിലാണ് താൻ സംസാരിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പിന്നീട് വിശദീകരണം നൽകിയിരുന്നു.

പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജൂറിക്കെതിരെ രൂക്ഷ വിമർശനവുമായി തിരകഥാകൃത്തും സംവിധായികയുമായ ദീദി ദാമോദരൻ രംഗത്തെത്തി. സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമാണ് വേടന് അവാർഡ് നൽകാനുള്ള ജൂറി തീരുമാനമെന്ന് ദീദി ദാമോദരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണെന്നും അവർ ആവശ്യപ്പെട്ടു.

പുരസ്‌കാര പ്രഖ്യാപനത്തെക്കുറിച്ച് ജൂറികളെ വിചാരണ ചെയ്യുന്നത് ശരിയല്ലെന്ന് പ്രാഥമിക ജൂറിയംഗം വി.സി. അഭിലാഷ് പ്രതികരിച്ചു. അന്തിമ ജൂറിയുടെ തീരുമാനങ്ങളിൽ ചിലതിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും ജനാധിപത്യ രീതിയനുസരിച്ച് അവ അംഗീകരിക്കുകയായിരുന്നുവെന്നും അഭിലാഷ് മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Rapper Vedan is at the center of a controversy surrounding the Kerala State Film Awards. The controversy arose after Minister Saji Cheriyan made remarks about Vedan receiving the award, which led to criticism and a subsequent retraction by Vedan.