ശബരിമലയിലെ സ്വർണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമെന്ന് കടുത്ത സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപങ്ങൾ എന്നിവയടക്കമുള്ളവയുടെ സ്വർണപ്പാളിയുടെ പകർപ്പെടുത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. വിജയ് മല്യ സ്വർണം പൊതിഞ്ഞ ശ്രീകോവിലിന്റെ വാതിലിനെപ്പറ്റി അന്വേഷിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന്റെ ഒത്താശയോടെ വഴിപാടിന്റെ പേരിൽ നടത്തിയത് കരുതിക്കൂട്ടിയുള്ള കള്ളത്തരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ രണ്ടാം ഇടക്കാല റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. ശബരിമല ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപങ്ങൾ എന്നിവയടക്കമുള്ളവയുടെ സ്വർണപ്പാളിയുടെ പകർപ്പ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം പകർപ്പ് നിർമ്മിച്ച് രാജ്യാന്തര മാർക്കറ്റിൽ എത്തിച്ച് വൻ വിലയ്ക്ക് വിൽക്കാനായിരുന്നു ശ്രമമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. സമഗ്രമായി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു പകർപ്പെടുത്തത്. കുപ്രസിദ്ധ രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി ഇതിന് സാമ്യമുണ്ടെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.
1999-ൽ വിജയ് മല്യ നൽകിയ സ്വർണം പൊതിഞ്ഞ വാതിൽപ്പാളി കടത്തിയോ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയ ശേഷം വിജയ് മല്യ നൽകിയ വാതിൽപ്പാളി കണ്ടെത്തിയത് അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്നാണ്. 24 കാരറ്റിന്റെ 2519.76 ഗ്രാം സ്വർണം പൂശിയ വാതിൽപ്പാളിയാണ് കണ്ടെത്തിയത്. വാതിൽപ്പാളി പിന്നീട് സ്ട്രോങ് റൂമിലേക്ക് മാറ്റി. ഇത് യഥാർത്ഥ വാതിൽപ്പാളികളാണോയെന്ന് അന്വേഷിക്കണം. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൊതിഞ്ഞു കൊണ്ടുവന്ന് സ്ഥാപിച്ചത് യഥാർത്ഥ വാതിൽപ്പാളികൾ തന്നെയാണോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് പരിശോധിച്ചു കോടതി എല്ലാം ക്രമരഹിതമെന്ന് വിമർശിച്ചു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കുമോ എന്ന കാര്യം എസ്.ഐ.ടി. പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.