കോഴിക്കോട് കൊടുവള്ളി ഉപജില്ല കലോത്സവത്തിന് എത്തിയ വിദ്യാർഥി പ്രതിഭകൾക്ക് ആശംസയുമായി ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബും ഇയാളുടെ സ്ഥാപനമായ എം എസ് സൊല്യൂഷൻസും. മുഹമ്മദ് ഷുഹൈബിന്റെ ചിത്രത്തോടു കൂടിയ പരസ്യ ബോർഡുകളാണ് കുട്ടികൾക്ക് ആശംസ അർപ്പിച്ച് സ്കൂൾ പരിസരത്ത് സ്ഥാപിച്ചത്. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് മണിക്കൂറുകൾക്കകം പരസ്യ ബോർഡുകൾ നീക്കം ചെയ്തു.
ഒന്നും രണ്ടുമല്ല, ഏതാണ്ട് 50 ഓളം പരസ്യ ബോർഡുകൾ ആണ് എം എസ് സൊല്യൂഷൻസിന്റെയും മുഹമ്മദ് ഷുഹൈബിന്റെയും പേരിൽ സ്ഥാപിച്ചത്. ഉപജില്ലാ കലോത്സവം നടക്കുന്ന കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിന് ഇരുവശത്തുമായിരുന്നു പരസ്യ ബോർഡുകൾ. മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടതോടെ AEO വിഷയത്തിൽ ഇടപെട്ടു. ബോർഡുകൾ മാറ്റാൻ ആവശ്യപ്പെട്ടു. ഉടൻ കൊടുവള്ളി നഗരസഭ ജീവനക്കാർ പരസ്യ ബോർഡുകൾ നീക്കം ചെയ്തു.
വേദിയിൽ എൽഇഡി വാൾ അടക്കമുള്ളവ സ്ഥാപിക്കാം എന്ന് വാഗ്ദാനം ചെയ്ത് എം സൊല്യൂഷൻസ് സമീപിച്ചിരുന്നുവെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു. അനുമതിയില്ലാതെയാണ് പരസ്യ ബോർഡുകൾ സ്ഥാപിച്ചത് എന്ന് കൊടുവള്ളി നഗരസഭയും അറിയിച്ചു.