kerala-voter-list-legal-challenge-all-party-oppose-voter-verification

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2002 ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ നിരവധിയാണെന്നും എസ് ഐ ആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന് ചുമതലയുള്ള  ഉദ്യോഗസ്ഥരെ എസ്.ഐ.ആര്‍ കണക്കെടുപ്പിന് നിയോഗിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. കലക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും  ഒരേസമയം വരുന്നതിലെ ആശയക്കുഴപ്പം മാറ്റാന്‍ വിളിച്ചു ചേര്‍ത്ത   കലക്ടര്‍മാരുടെയോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാനും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ ഖേല്‍ക്കറും പങ്കെടുത്തു.

സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണവുമായി സഹകരിക്കണമെന്ന് സിറോ മലബാര്‍ സഭ ഇടവകാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബിഎല്‍ഒമാര്‍ വീട്ടിലെത്തുമ്പോള്‍ സഹകരിക്കണം. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അംഗങ്ങളിലേക്കെത്തിക്കാന്‍ നിര്‍ദേശം

ENGLISH SUMMARY:

Kerala voter list revision is facing legal challenges after an all-party meeting led by Chief Minister Pinarayi Vijayan. The meeting participants, excluding the BJP, voiced strong support against the voter list verification process.