ശബരിമല കട്ടിളപ്പാളി മോഷണക്കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എന്‍.വാസുവിനെ മൂന്നാം പ്രതിയാക്കി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് വാസുവിനെക്കുറിച്ച് പരാമര്‍ശം. 2019 ല്‍ വാസു ദേവസ്വം കമ്മീഷണറായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്. എൻ.വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തനിക്കു വന്നിരുന്നു എന്ന് വാസുവും പിന്നീട് പറഞ്ഞു. ‘‘ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് ഇമെയിൽ വന്നത്. സന്നിധാനത്തെ സ്വർണമാണിതെന്ന് ഇമെയിൽ കിട്ടുമ്പോൾ കരുതാൻ കഴിയുമോ ?
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വന്തം സ്വർണം ഉപയോഗിച്ചു ദ്വാരപാലകശിൽപങ്ങളിൽ പൂശാനാണ് ബോർഡുമായുള്ള കരാർ. അങ്ങനെ പൂശിയ സ്വർണത്തിന്റെ ബാക്കി എന്തു ചെയ്യണമെന്നു ചോദിച്ചതായാണ് ആരും കരുതുക. ഇമെയിൽ പ്രിന്റെടുത്ത് അതിനു മുകളിൽ ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് എഴുതി നൽകിയതല്ലാതെ പിന്നീട് ഇതിൽ എന്തു സംഭവിച്ചെന്നുപോലും അന്വേഷിച്ചില്ല. വിവാദമായപ്പോൾ ഞാൻ ഇന്നലെ ബോർഡിൽ അന്വേഷിച്ചു. ബോർഡിന്റെ എന്തു സഹകരണമാണു പ്രതീക്ഷിക്കുന്നതെന്നു ചോദിച്ച് ബോർഡ് ഓഫിസിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഇമെയിൽ അയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നാണ് അറിഞ്ഞത്’’ – വാസു പറഞ്ഞിരുന്നു.