വോട്ടർ പട്ടിക ക്രമക്കേട് പരാതിയ്ക്ക് പിന്നാലെ കൊടുവള്ളി നഗരസഭയ്ക്ക് പുതിയ സെക്രട്ടറിയെ നിയമിച്ച് ഉത്തരവായി. ഇൻ്റേണൽ വിജിലൻസ് ഓഫീസർ ആയിരുന്ന അനിൽ കുമാർ നൊച്ചിയിലാണ് നഗരസഭയുടെ പുതിയ സെക്രട്ടറി. വോട്ടർ പട്ടിക ക്രമക്കേട് ആരോപണം നേരിടുന്ന മുൻ സെക്രട്ടറി വി എസ് മനോജ് പന്ത്രണ്ടാം ദിവസവും കാണാമറയത്താണ്.
37 വാർഡുകളിലായി നഗരസഭയിലെ 1500 ഓളം വോട്ടുകളിൽ ക്രമക്കേട് ഉണ്ടായതായുള്ള പരാതിക്ക് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം പ്രകാരം നഗരസഭ സെക്രട്ടറിയായിരുന്ന വി എസ് മനോജിനെ സ്ഥാനത്ത് നിന്ന് മാറ്റിയത്. പുതിയ സെക്രട്ടറിയായി നിയമിച്ച അനിൽ കുമാറിന് മുന്നിലെ വെല്ലുവിളി പരാതി ഉയർന്നിരിക്കുന്ന 1500 ഓളം വോട്ടുകളുടെ ക്രമക്കേട് കണ്ടെത്തുക എന്നതാണ്. ഗുരുതര വിഷയമാണ് കൊടുവള്ളിയിലേതെന്നന്ന് ജില്ല കലക്ടറും സമ്മതിക്കുന്നു.
ഫോം 5,13,14 എന്നിവ നൽകിയ രേഖകളും വോട്ടർമാരെ മാറ്റിയതിന്റെ നോട്ടിസ് നൽകിയ രേഖകളും നഗരസഭയിൽ ഇല്ല. അസിസ്റ്റൻ്റ് സെക്രട്ടറിയുടെ ഈ കണ്ടെത്തൽ ഓഫീസിൽ നേരിട്ടെത്തി പരിശോധ നടത്തി എൽഎസ്ഡിജി ഡെപ്യൂട്ടി ഡയറക്ടറും ശരിവച്ചിരുന്നു