കേരള സര്‍വകലാശാലക്കെതിരെ ജാതി വിവേചന ആരോപണം. എസ്.എഫ്.ഐനേതാവ് വിപിന്‍വിജയനാണ് ജാതിവിവേചനം ആരോപിച്ച് ഫേസ് ബുക്കിലൂടെ താന്‍നേരിട്ട അനുഭവങ്ങള്‍ പറഞ്ഞിരിക്കുന്നത്. സംസ്കൃതം അറിയാത്ത  വിപിന് സംസ്കൃതത്തില്‍ പി.എച്ച്.ഡി നല്‍കരുതെന്ന് കാണിച്ച് ഡീന്‍ ഡോ. സി.എന്‍.വിജയകുമാരി വിസിക്ക് നല്‍കിയ കത്താണ് വിവാദമാകുന്നത്. 

ജീവിതം വഴുതിപ്പോകുന്നു, ജാതിവിവേചനത്തിന്‍റെ അട്ടഹാസങ്ങള്‍കേള്‍ക്കാം എന്നു പറഞ്ഞുകൊണ്ടാണ് ഗവേഷണ വിദ്യാര്‍ഥി വിപിന്‍വിജയന്‍ ഫേസ് ബുക്കിലൂടെ കേരള സര്‍വകലാശാലക്കെതിരെ ഗുരുതരമായ ആരോപണ മുന്നോട്ട് വെച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് വിപിന്‍റെ പ്രബന്ധത്തെകുറിച്ചുള്ള ഒപ്പണ്‍ഡിഫന്‍സ് നടന്നു.  തുടര്‍ന്ന്   സംസ്കൃത ഭാഷ പോലും വിദ്യാര്‍ഥിക്ക് അറിയില്ലെന്നും പി.എച്ച്.ഡി നല്‍കരുതെന്നും കാണിച്ച് ഒാറിയന്‍റല്‍ ഭാഷാ വിഭാഗം ഡീന്‍ ഡോ.സി.എന്‍.വിജയകുമാരി  വിസിക്ക് കത്തു നല്‍കി. സംസ്കൃത്തത്തില്‍ എം.എ, ബിഎഡ്, എം.എഡ്, എം.ഫില്‍ ബിരുദങ്ങള്‍ നേടിയ വ്യക്തിയാണ് വിപിന്‍. എം.ഫില്‍ പ്രബന്ധം ഡോ. വിജയകുമാരിയുടെ തന്നെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തിയാക്കിയത്. സംസ്കൃതം അറിയാത്ത വ്യക്തി എന്ന് അധ്യാപിക പറഞ്ഞുവെച്ചത് മായാത്ത മുദ്രപോലെ തന്നില്‍ പതിപ്പിക്കപ്പെട്ടു എന്നും ഉണങ്ങാത്ത മുറിവായെന്നുമാണ് വിപിന്‍ പറയുന്നത്. വര്‍ഷങ്ങള്‍കൊണ്ട് നേടിയ അക്കാദമിക നേട്ടവും മെറിറ്റും ഒറ്റദിവസം കൊണ്ട് ഇല്ലാതെയായി , സത്യത്തിന് വിലയില്ലേ എന്നും വിദ്യാര്‍ഥി ചോദിക്കുന്നു. തന്‍റെ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍ അധ്യാപികയുടെ സംഘപരിവാര്‍ രാഷ്ട്രീയം ചര്‍ച്ചയാകാത്തത് എന്താണെന്ന ചോദ്യവും വിപിന്‍ മുന്നോട്ട് വെക്കുന്നു. ഡീനിന്‍റെ കത്തിനെ അടിസ്ഥാനമാക്കി വിസി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. 

ENGLISH SUMMARY:

Kerala University caste discrimination is a serious issue highlighted by an SFI leader. Allegations of caste discrimination have surfaced at Kerala University, involving a research scholar and a dean's controversial letter.