ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍.വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു. എസ്.പി ശശിധരനാണ് വാസുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്. വാസുവിന്‍റെ പിഎ സുധീഷ് കുമാറിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് നടപടി.
ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ കുറ്റാരോപിതരായ ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സംബന്ധിച്ച് ഇന്ന് ചേരുന്ന ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യും. പ്രത്യേക അന്വേഷണസംഘത്തിന്‍റെ പട്ടികയിലുള്ള ഏഴ് വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ബോര്‍ഡ് വിശദീകരണം തേടിയിരുന്നെങ്കിലും കഴിഞ്ഞയോഗത്തില്‍ എല്ലാവരും മറുപടി നല്‍കിയിരുന്നില്ല. അവരുടെ വിശദീകരണം വിലയിരുത്തിയശേഷമാകും ബോര്‍ഡ്‍തല നടപടി. സ്വര്‍ണക്കൊള്ളക്കേസില്‍ 2019 ലെ എക്സിക്യുട്ടിവ് ഓഫിസറായിരുന്ന ഡി. സുധീഷ് കുമാറിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു.
അതേസമയം, ശബരിമലയില്‍ ഇത്തവണ കീഴ്‌ശാന്തിമാരെയും സഹായികളെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ കര്‍ശനമായി നിരീക്ഷിക്കും. ഇവരുടെ പശ്ചാത്തലം ഉള്‍പ്പടെ അന്വേഷണ പരിധിയില്‍ വരുമെന്ന് ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. സ്വര്‍ണക്കൊള്ളകേസില്‍ കുറ്റാരോപിതരായ ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്നീട് തീരുമാനിക്കും. നോട്ടിസ് അയച്ചിട്ടുണ്ട്. എല്ലാവരില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നുവെന്നും അവരുടെ നടപടികള്‍ സംബന്ധിച്ച് ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യേണ്ടതില്ലെന്നും പ്രശാന്ത് പറഞ്ഞു.