a-padmakumar

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ സാമ്പത്തിക ഇടപാടെന്ന നിഗമനത്തില്‍ അന്വേഷണസംഘം. പത്മകുമാറിന്‍റെ വിദേശയാത്രകളിലേക്കും അന്വേഷണം. 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് രേഖപ്പെടുത്തി മാപ്പുസാക്ഷിയാക്കാനും ആലോചന തുടങ്ങി. പോറ്റിക്കെതിരെ തെളിവ് ശേഖരിക്കുന്നതിന്‍റെ ഭാഗമായി നടന്‍ ജയറാമിനെയും സാക്ഷിയാക്കും.

സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ മുഖ്യകേന്ദ്രം പോറ്റി–പത്മകുമാര്‍ കൂട്ടുകെട്ടെന്ന നിഗമനത്തിലേക്കാണ് അന്വേഷണം നീളുന്നത്. പത്മകുമാറിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മിലുള്ള പണമിടപാടിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കവര്‍ച്ചയുടെ പങ്ക് പത്മകുമാര്‍ കൈപ്പറ്റിയതിന്‍റെ തെളിവാണിതെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തല്‍. ഇത് ഉറപ്പിക്കാനായി പത്മകുമാറിന്‍റെ വിദേശയാത്രയുടെയുെ അവിടത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി. ഇതോടൊപ്പം തന്നെ പത്മകുമാറിനെതിരായ തെളിവ് കൂടുതല്‍ ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ മാപ്പുസാക്ഷിയാക്കാനാണ് ആലോചന. ബോര്‍ഡ് യോഗത്തിന്‍റെ മിനിറ്റ്സ് പത്മകുമാര്‍ തിരുത്തിയത് സമ്മതിച്ച് അംഗങ്ങളായ കെ.പി.ശങ്കര്‍ദാസും എന്‍.വിജയകുമാറും മൊഴി നല്‍കിയിരുന്നു. എന്നാല്‍ യോഗതീരുമാനങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തമെന്ന വിലയിരുത്തലോടെ ഇരുവരെയും അറസ്റ്റ് ചെയ്തേക്കും. അതിന് ശേഷം മാപ്പുസാക്ഷിയാക്കാനുമാണ് ലക്ഷ്യമിടുന്നത്. നാളെയോ മറ്റന്നാളോ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. ഈ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഇതില്‍ അന്തിമതീരുമാനമെടുക്കുക. 

ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കെതിരെ ജയറാമിനെ സാക്ഷിയാക്കും. ദ്വാരപാലക ശില്‍പ്പപാളികളും വാതില്‍പ്പാളികളുമെല്ലാം ഉപയോഗിച്ചുള്ള പൂജകളില്‍ ജയറാം പങ്കെടുത്തിരുന്നു. ഇതിനേക്കുറിച്ച് അറിയാനും ഈ പൂജ വഴി പോറ്റി സാമ്പത്തിക നേട്ടമുണ്ടാക്കിയോയെന്ന് കണ്ടെത്താനുമാണ് ജയറാമിന്‍റെ മൊഴിയെടുക്കുന്നത്.

ENGLISH SUMMARY:

A. Padmakumar, former president of the Travancore Devaswom Board, is under investigation for alleged financial dealings with Unnikrishnan Potti. The investigation extends to Padmakumar's foreign travels, and actor Jayaram may be called as a witness regarding Unnikrishnan Potti's activities.