വര്‍ക്കലയില്‍ ട്രെയിനില്‍ ആക്രമണത്തിന് ഇരയായ പത്തൊന്‍പതുകാരി ശ്രീക്കുട്ടിക്ക് ഇപ്പോള്‍ ലഭിക്കുന്ന ചികില്‍സയില്‍ തൃപ്തിയില്ലെന്ന് കുടുംബം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികില്‍സയില്‍ അതൃപ്തിയറിയിച്ച കുടുംബം മികച്ച ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. മകളുടെ ശരീരത്തില്‍ 20 മുറുവുകള്‍ ഉണ്ടെന്നും മകളെ ജീവനോടെ വേണമെന്നും അമ്മ പ്രിയദര്‍ശനി പറഞ്ഞു.
അതേസമയം, വര്‍ക്കലയില്‍ ട്രെയിനില്‍ ആക്രമണത്തിന് ഇരയായ പത്തൊന്‍പതുകാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. ട്രെയിനില്‍ നിന്ന് നടുവിന് ചവിട്ടിയാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേക്ക് തള്ളിയിട്ടതെന്നത് എഫ്ഐആറില്‍ പറയുന്നു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശ്രീക്കുട്ടിക്കും സുഹൃത്ത് അര്‍ച്ചനയ്ക്ക് നേരെയും പ്രതി ആക്രമണം നടത്തിയെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കുന്നു. വധശ്രമക്കേസിലാണ് അന്‍പതുകാരനായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ രാത്രി കേരള എക്സപ്രസില്‍ യാത്രി ചെയ്ത് ശ്രീക്കുട്ടിയെ മദ്യലഹരിയിലായിരുന്ന പ്രതി സുരേഷ്കുമാര്‍ ക്രൂരമായി നടുവിന് ചവിട്ടിയാണ് പുറത്തേക്ക് ഇട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചയനയെ കൈയിലും കാലിലും പിടിച്ച് പുറത്തേക്ക് എറിഞ്ഞെങ്കിലും ട്രെയിനില്‍ വാതിലില്‍ പിടിച്ചതിനാല്‍ പുറത്തേക്ക് വീണില്ല. വാതിലില്‍ നിന്ന് വഴിമാറി കൊടുക്കാത്തതിന്‍റെ പ്രകോപനത്തില്‍ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. രാത്രി പത്തരയോട മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. തലച്ചോറില്‍ ആന്തരിക രക്തസ്രാവമുള്ളതിനാല്‍ അപകടനില തരണം ചെയ്തതായി
ഡോക്ടര്‍മാര്‍ പറയുന്നില്ല. വാർത്തയിലൂടെയാണ് അപകടവിവരം അറിഞ്ഞതെന്ന് ശ്രീക്കുട്ടിയുടെ മുത്തശ്ശി ഗിരിജ പറഞ്ഞു. ആലുവയിലെ ഭര്‍തൃവീട്ടില്‍ നിന്ന് വെള്ളിയാഴ്ച വീട്ടിൽ വന്നിരുന്നുവെന്നും ശനിയാഴ്ചയാണ് മടങ്ങിയതെന്നും മുത്തശ്ശി ഗിരിജ പറഞ്ഞു.
പെയിന്റിങ് പണിക്കുള്ള സൈറ്റ് നോക്കാൻ മറ്റ് തൊഴിലാളികള്‍ക്കൊപ്പം കോട്ടയത്ത് പോയി തിരികെ വരും വഴിയാണ് സുരേഷ് കുമാർ അതിക്രമം നടത്തിയത് . സുരേഷ് കുമാർ മുൻ പോക്കറ്റ് അടിക്കാരൻ ആയിരുന്നുവെന്ന് പ്രദേശവാസികള്‍ സൂചിപ്പിക്കുന്നു. സുരേഷിന്‍റെ മര്‍ദനം സഹിക്കവയ്യാതെ ഭാര്യ വീടുവിട്ടുപോയി എന്നും റയില്‍വേ പൊലീസിന് വിവരം ലഭിച്ചു. ട്രെയിനിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.