online-gambling

TOPICS COVERED

ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്ന കുട്ടികളെ ഇരയാക്കി പണം തട്ടുന്ന സംഘം കോഴിക്കോട് സജീവം. ചൂതാട്ടത്തിന് പണം കടമായി കൊടുക്കുന്ന സംഘം ഇരട്ടി തുകയാണ് കുട്ടികളില്‍ തിരികെ വാങ്ങുന്നത്. ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടവരെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ ചിലര്‍  നാടു വിട്ടു. തിരികെയെത്തിച്ച കുട്ടികളെ ശിശു സംരക്ഷണ വിഭാഗം കൗണ്‍സിലിങ്ങിന് വിധേയരാക്കിയപ്പോഴാണ്   ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്.  

ഓണ്‍ലൈന്‍ ചൂതാട്ടത്തിനും വാതു വയ്പ്പിനും മലയാളി വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന പ്രധാന ട്രേഡിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് രാജാ ഗെയിംസ്. കളര്‍ പ്രഡിക്ഷന്‍, റൈസിങ് തുടങ്ങിയവയിലാണ് വാതു വയ്പ്. ആദ്യ ഘട്ടങ്ങളില്‍ ലാഭം ലഭിച്ചതോടെ കുട്ടികള്‍ ചൂതാട്ടത്തിനായി പണം കടം വാങ്ങി തുടങ്ങി. കോഴിക്കോട് താമരശേരി, കൊടുവള്ളി മേഘലകളിലായി സ്കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം നല്‍കി സഹായിക്കാന്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കടം വാങ്ങിയ പണം തിരികെ നല്‍കാനാകാതായതോടെ കുട്ടികള്‍ നാടു വിട്ടപ്പോഴാണ് രക്ഷിതാക്കള്‍ പോലും ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്.

ബി.എസ് വിന്‍, ഒകെ വിന്‍, ടിസി ലോട്ടറി, തുടങ്ങി മറ്റ് ആപ്ലിക്കേഷനുകളും കുട്ടികള്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിനും വാതു വയ്പ്പിനും ഉപയോഗിക്കുന്നു. മുതിര്‍ന്നവരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് കുട്ടികള്‍ കടം വാങ്ങിയത്. ചിലരുടെ കടം വീട്ടാന്‍ രക്ഷിതാക്കള്‍ ആദ്യം സഹായിച്ചെങ്കിലും തുക വലുതായതോടെ കുട്ടികള്‍ നാടു വിടുകയായിരുന്നു. 

ENGLISH SUMMARY:

Online gambling is trapping children in Kozhikode, leading to financial exploitation by loan sharks. Students are being pressured and forced to flee after accumulating debt through online betting apps.