അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. തിരുവനന്തപുരത്ത് എത്തിയ മമ്മൂട്ടിയെ മന്ത്രി വി.ശിവന്‍കുട്ടി സ്വീകരിച്ചു.
അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് 1.5 കോടി രൂപ. പണം കണ്ടെത്തിയത് ഷെല്‍ട്ടര്‍ നിര്‍മാണത്തിനുള്ള 52.8 കോടിയില്‍ നിന്ന് വകമാറ്റിയാണ് . ഇതു സംബന്ധിച്ച് ഒക്‌ടോബര്‍ 26ന് തദ്ദേശവകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ വാസസ്ഥലത്തിനുള്ള ഫണ്ട് 51.30 കോടിയായി കുറയും. തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ട പ്രകാരം 25ന് ചേര്‍ന്ന സ്‌പെഷല്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതില്‍ തീരുമാനമായത്.
അതേസമയം, കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രഖ്യാപനം തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. തട്ടിപ്പെന്ന് പ്രതിപക്ഷം പറയുന്നത് സ്വന്തം ശീലംകൊണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭ സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷം. അതിദരിദ്രരില്ലെന്ന അവകാശവാദം ശുദ്ധതട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പച്ചനുണകളുടെ സമാഹാരമെന്നും സഭാസമ്മേളനം സര്‍ക്കാര്‍ പ്രഹസനമാക്കിയെന്നും വി.ഡി.സതീശന്‍ പറഞ്ഞു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു.