മനോരമന്യൂസ് ‘കൗണ്ടര്‍ പോയന്‍റ്’ പരിപാടിയുടെ വിഡിയോ ക്ലിപ്പ് ഉപയോഗിച്ച് വ്യാജപ്രചരണം. അവതാരകയുടെ ശബ്ദം മാറ്റിയാണ് വിഡിയോ പ്രചരിപ്പിക്കുന്നത്. നിഷ പുരുഷോത്തമന്‍ അവതരിപ്പിച്ച തല്‍സമയ ചര്‍ച്ചാപരിപാടിയുടെ വിഡിയോയാണ് ശബ്ദം മാറ്റി പ്രചരിപ്പിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയായി ഉയര്‍ത്തിയാലും യുഡിഎഫ് തടയും എന്ന് അവതാരക ആമുഖമായി പറഞ്ഞു എന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് വിഡിയോ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ത്തന്നെ വിഡിയോയും ശബ്ദവും രണ്ടാണെന്ന് വ്യക്തമാണ്. വിഡിയോയില്‍ ശബ്ദം വ്യാജമായി എഡിറ്റ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി കൈക്കൊള്ളും. ഇത് പ്രചരിപ്പിക്കുന്ന മുഴുവന്‍ ഹാന്‍ഡിലുകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ‘പാവപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാകുന്ന ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യും’ എന്നാണ് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ പ്രതികരിച്ചത്. അതിന് വിരുദ്ധമായി ചാനല്‍ അവതാരക വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തി എന്ന തികച്ചും തെറ്റായ പ്രചാരണമാണ് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പ്രചരിപ്പിക്കുന്ന വിഡിയോയിലൂടെ നടത്തുന്നത്.