സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍എസ്പി. സംസ്ഥാന സെക്രട്ടറിയായ ചവറയില്‍ ഷിബു ബേബി ജോണ്‍ മല്‍സരിക്കും. ഇരവിപുരത്ത് വിഷ്ണു മോഹനും, കുന്നത്തൂരില്‍ ഉല്ലാസ് കോവൂറും, ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനുമാണ് സ്ഥാനാര്‍ഥികള്‍. യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്.

അതേസമയം, അഞ്ച് സീറ്റാണ് ആര്‍എസ്പിക്ക് യു‍ഡിഎഫ് നല്‍കിയിരുന്നത്. ചവറ, കുന്നത്തൂർ, ഇരവിപുരം, ആറ്റിങ്ങൽ, ധര്‍മ്മടം എന്നിവയായിരുന്നു ഇവ. എന്നാല്‍ ധർമ്മടം വേണ്ട എന്ന് ആർഎസ്പി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. പകരമായി കാഞ്ഞങ്ങാട് ആണ് ചോദിച്ചിരിക്കുന്നത്. കാഞ്ഞങ്ങാടോ പയ്യന്നൂരോ ആര്‍എസ്പിക്ക് ലഭിക്കും എന്നാണ് പ്രതീക്ഷ. യുഡിഎഫ് നേതൃത്വം ഏത് സീറ്റാണ് നല്‍കുക എന്നാശ്രയിച്ചിരിക്കും അഞ്ചാമത്തെ സീറ്റിലെ സ്ഥാനാര്‍ഥി തീരുമാനം.

അഞ്ചാമത്തെ സീറ്റായി പയ്യന്നൂര്‍ ലഭിച്ചാല്‍ സിപിഎമ്മില്‍ കലാപക്കൊടിയുയര്‍ത്തി സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ കുഞ്ഞുകൃഷ്ണനെ പിന്തുണയ്ക്കാന്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ മട്ടന്നൂരിലാണ് ആര്‍.എസ്.പി മല്‍സരിച്ചത്. ഇതു മാറ്റിത്തരണമെന്നു ആര്‍.എസ്.പി ആവശ്യപ്പെടുകയും കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുകയും ചെയ്തു.

രാവിലെ യുഡിഎഫ് നേതൃത്വവുമായി ആർഎസ്പി നേതൃത്വം ചർച്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം അറിയിക്കാം എന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഇന്ന് വൈകുന്നേരത്തോടു കൂടി തന്നെ തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്. അങ്ങിനെയെങ്കില്‍ അഞ്ചാമത്തെ ആര്‍എസ്പി സ്ഥാനാര്‍ഥിയേയും ഇന്ന് പ്രഖ്യാപിക്കും.

ENGLISH SUMMARY:

The Revolutionary Socialist Party (RSP) has officially released its first candidate list for the 2026 Kerala Assembly Elections. State Secretary Shibu Baby John will lead the battle in Chavara. Other candidates include Vishnu Mohan for Eravipuram, Ullas Kovoor for Kunnathur, and Santhosh Bhadran for Attingal. The party has opted out of the Dharmadom seat, requesting Kanhangad or Payyannur as their fifth seat. Stay updated on the latest UDF candidate lists and political shifts in Kerala.