ഡല്‍ഹി ഇന്ത്യാ ഗേറ്റ് പരിസരത്ത് അവശ നിലയില്‍ കണ്ടെത്തി, ചികില്‍സയിലിരിക്കെ മരിച്ച കോട്ടയം സ്വദേശിയുടെ മരണത്തില്‍ ദുരൂഹത. കോട്ടയം പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, കെ.യു.സോമശേഖരൻ നായർക്ക് അപരിചതനായ ഒരാള്‍ എന്തോ കുടിക്കാന്‍ കൊടുത്തുവെന്ന് സൂചന. ഈ വെള്ളം കുടിച്ചതിന് ശേഷം തനിക്ക് ഓര്‍മ നഷ്ടപ്പെട്ടെന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ച പരിചയക്കാരോട് സോമശേഖരന്‍ പറഞ്ഞിരുന്നു. സുഹൃത്തിന് കടംകൊടുത്ത 50 ലക്ഷം രൂപ തിരികെ വാങ്ങാനാണ് സോമശേഖരന്‍ ഡല്‍ഹിയിലെത്തിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

പുന്നത്തുറ സഹകരണ ബാങ്കിന്‍റെ സെക്രട്ടറിയെയും സമീപകാലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സഹകരണ ബാങ്കില്‍ വ്യാജ ആധാരം ചമച്ചും അനധികൃത വായ്പ അനുവദിച്ചും കോടികള്‍ തട്ടിയെന്ന് ആരോപണമുണ്ട്. ക്രൈംബ്രാഞ്ചും വിജിലന്‍സും പ്രാഥമിക അന്വേഷണം നടത്തിവരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്ത്യാ ഗേറ്റ് പരിസരത്ത് സോമശേഖരനെ അവശനിലയില്‍ കണ്ടെത്തിയത്. ചികില്‍സയിലിരിക്കെ ഇന്നെയാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് സംശയം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷമെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സോമശേഖരന്‍റെ മോതിരം കാണാനില്ല. ഇതും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് പുന്നത്തറയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. 

ENGLISH SUMMARY:

Kottayam death mystery revolves around the suspicious death of a Kottayam native in Delhi after allegedly being given a drink by a stranger. The investigation is ongoing, focusing on potential foul play and a possible connection to a cooperative bank scam.