ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരം നാളെ അവസാനിപ്പിക്കും. സമരം തുടങ്ങി 266 ആം ദിവസത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കുന്നത്.
1000 രൂപയുടെ ഓണറേറിയം വർധിപ്പിച്ചതും കുടിശിക വിതരണം ഉൾപ്പെടെ സമരസമിതിയുടെ പ്രധാന ആവശ്യങ്ങളിൽ സർക്കാർ മുട്ടുമടക്കിയെന്നാണ് ആശമാർ പറയുന്നത്. ഓണറേറിയം നേടി എടുത്തത് സി.ഐ.ടി.യുവിൻ്റെ ഇടപെടലെന്ന നേതാക്കളുടെ അവകാശവാദം ജനം വിലയിരുത്തട്ടെ എന്നും ജില്ലാ അടിസ്ഥാനത്തിൽ സമരം തുടരുമെന്നും ആശാ സമരസമിതി ഭാരവാഹികൾ പറഞ്ഞു.
നാളത്തോടെ സമര രൂപം മാറുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. ഇനി ജില്ലാ തലങ്ങളില്‍ സമരം തുടരും. ആവശ്യങ്ങള്‍ മിക്കതും നേടി, ഇനിയും നേടാനുണ്ടെന്ന് ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരപ്രതിജ്ഞാറാലി സംഘടിപ്പിക്കും. പ്രതിപക്ഷനേതാവ് റാലി ഉദ്ഘാടനം ചെയ്യും.
സർക്കാർ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചെങ്കിലും, ഇത് അപര്യാപ്തമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സമരം മുന്നോട്ട് പോകുന്നത്. മിനിമം കൂലി പട്ടിണിക്കൂലിയാണ്, അത് അംഗീകരിച്ചിട്ടുള്ള സർക്കാരാണ് ഇവിടെ ഭരിക്കുന്നതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
സർക്കാർ പ്രഖ്യാപിച്ച വർദ്ധനവ് സമരത്തിന്റെ ഭാഗിക വിജയമായി കാണുമ്പോൾ തന്നെ, പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം വിവിധ രൂപങ്ങളിൽ ശക്തമായി തുടരുമെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്നും സമരസമിതി അറിയിച്ചു.