ദേശീയപാത നിർമ്മാണം നടക്കുന്ന കോഴിക്കോട് നന്തി സർവീസ് റോഡിലെ അപകടക്കുഴി അടയ്ക്കുന്നതില്‍ കൈമലർത്തി കരാറുകാർ. മഴ മാറാതെ പണി നടത്താനാകില്ലെന്നും വാഹനങ്ങളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നുമാണ് വിശദീകരണം .എട്ട് ദിവസത്തിനിടെ അഞ്ച് അപകടങ്ങളാണ് ഈ ഭാഗത്തുണ്ടായത്.
വാഹനങ്ങള്‍ക്ക് മാത്രമല്ല, കാല്‍നട യാത്രക്കാര്‍ക്ക് പോലും രക്ഷയില്ല ഇവിടെ. അപകടങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഉണ്ടായിട്ടും ആ കുഴിയടയ്ക്കാന്‍പോലും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഞങ്ങള്‍ കരാറുകമ്പിനിയായ വഗാഡിന്റ പ്രതിനിധിയെ വിളിച്ചത്. വിചിത്രമായിരുന്നു മറുപടി. ഒരുബസിന് കഷ്ടിച്ച് പോകാനുള്ള വഴിയേ ഇവിടെയുള്ളു. ബാക്കിയുള്ളിടമെല്ലാം വെള്ളം കെട്ടി നില്‍ക്കുകയാണ്. കാല്‍നട യാത്രക്കാര്‍ ഏതുവഴി പോകണമെന്ന് കരാര്‍ കമ്പനി പറയുന്നില്ല. തുടര്‍ച്ചയായി ആളുകള്‍ കുഴിയില്‍ വീഴാന്‍ തുടങ്ങിയതോടെ ആകെ ഒരു വീപ്പ കൊണ്ടുവച്ചു. ദേശീയപാത നിർമ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി വഗാഡ് കമ്പനി ഉപരോധിച്ചെങ്കിലും ആര്‍ക്കും അനക്കമില്ല.