തൊടുപുഴ മുതലക്കോടത്ത് ജെയ്സ് ബെന്നി എന്ന യുവാവിന്‍റെ ജീവനെടുത്ത കുഴിക്ക് സമാനമായി മൂവാറ്റുപുഴയിലും തിരക്കേറിയ റോഡിന്‍റെ അരികില്‍ മരണക്കെണിയുണ്ട്. വാഹനങ്ങളും കാല്‍നട യാത്രക്കാരും പലതവണ കുഴിയില്‍ വീണ് അപകടമുണ്ടായി. നാട്ടുകാര്‍ നിരന്തരം പരാതി അറിയിച്ചിട്ടും കുഴി മൂടാന്‍ ഉത്തരവാദിത്തമുള്ള നഗരസഭ കണ്ടില്ലെന്ന് നടിക്കുകയാണ്.
മൂവാറ്റുപുഴ നഗരത്തില്‍ ഇ.ഇ.സി മാര്‍ക്കറ്റ് – കീച്ചേരിപടി ഭാഗത്താണ് തിരക്കേറിയ റോഡിന്‍റെ അരികില്‍ മരണക്കെണിയായി കുഴിയുള്ളത്. നഗരസഭ അധികൃതര്‍ മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നതിന് നിര്‍മിച്ച കുഴിയാണ് അപകടഭീഷണിയുയര്‍ത്തുന്നത്. വലിയൊരു വളവ് കഴിഞ്ഞ ഉടന്‍ തന്നെയാണ് കുഴിയുള്ളത്. റോഡിന് വീതി കുറഞ്ഞ ഭാഗമായതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. അപായമുന്നറിയിപ്പുകളോ, ട്രാഫിക് സിഗ്നലുകളോ ഇല്ല. ഒട്ടോ റിക്ഷയും കാറും ഇരുചക്രവാഹനങ്ങളും വീണ് അപകടങ്ങളുണ്ടായിട്ടുണ്ട്.
നഗരസഭ അധികൃതരോട് നിരന്തരം പരാതി പറഞ്ഞിട്ടും നടപടിയില്ലാത്തതിനാല്‍ നാട്ടുകാര്‍ തന്നെ താല്‍ക്കാലികമായി കൈവരിയും ടാര്‍ വീപ്പകള്‍ നിരത്തി മുന്നറിയിപ്പ് സംവിധാനവും സജ്ജമാക്കി. കുഴി മൂടാന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.