നവീകരണത്തിനായി കലൂർ രാജ്യാന്തര സ്റ്റേഡിയം സ്പോട്സ് കേരള ഫൗണ്ടേഷന് ജി.സി.ഡി.എ വിട്ടുനൽകിയത് കേവലം മിനിട്സിനെ അടിസ്ഥാനപ്പെടുത്തി മാത്രം. സ്പോട്സ് കേരള ഫൗണ്ടേഷൻ സ്പോൺസർക്ക് സ്റ്റേഡിയം നൽകിയതും രേഖകളോ, കരാറോ ഇല്ലാതെ തന്നെ. അതായത് വിവിധ വ്യക്തികൾ നടത്തിയ യോഗങ്ങളും അഭിപ്രായങ്ങളും കത്തുകളും മാത്രമാണ് സ്റ്റേഡിയം നവീകരണത്തിന്‍റെ ഉറപ്പായുള്ളത്.
ജി.സി.ഡി.എ കൈമാറി. സ്പോട്സ് കേരള ഫൗണ്ടേഷൻ സ്വീകരിച്ചു. സ്പോട്സ് കേരള ഫൗണ്ടേഷൻ സന്തോഷത്തോടെ നൽകി, സ്പോൺസർ അത് ഹൃദയപൂർവം സ്വീകരിച്ചു. പിന്നെ സ്പോൺസറുടെ നേതൃത്വത്തിൽ പാർക്കിങ് ഏരിയ മെറ്റലിട്ട് നികത്തൽ, സ്റ്റേഡിയത്തിനു മുന്നിലെ മരം മുറി, സ്റ്റേഡിയത്തിലെ കസേര പൊളിക്കൽ. ദ്രുതഗതിയിൽ നീങ്ങിയ ഈ പ്രവർത്തികൾക്കെല്ലാം ആകെയുള്ള ഉറപ്പ് മിനിട്സ് മാത്രം. ദുർബലമായ കലൂർ സ്റ്റേഡിയത്തിൽ എന്തൊക്കെയാണ് വേണ്ടെതെന്ന് ഫിഫ പ്രതിനിധികൾ പറഞ്ഞിട്ടില്ല. സ്റ്റേഡിയത്തിൽ ഫിഫ വിലയിരുത്തൽ സംഘം വരുകയോ കാണുകയോ ചെയ്തിട്ടുമില്ല. എന്താണ് സ്‌റ്റേഡിയത്തിന്‍റെ പോരായ്മയെന്നോ, എന്ത് മാറ്റമാണ് വേണ്ടെതെന്നോ ഉടമകളായ ജി.സി.ഡി.എയ്ക് അറിയുകയുമില്ല. ആരും പറഞ്ഞിട്ടുമില്ല. എന്നിട്ടും എല്ലാം മനസിലാക്കി ചെയ്യാൻ ഒരു രേഖയുമില്ലാതെ രാജ്യാന്തര സ്റ്റേഡിയം വിട്ടു നൽകിയ ജി.സി.ഡി.എ നീക്കത്തിലും ദുരുഹതയുണ്ട്.
ജി.സി.ഡി.എ, കായികവകുപ്പ്, സ്പോട്സ് കേരള ഫൗണ്ടേഷൻ എന്നിവർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട കരാറുകൾ പുറത്തുവിടാത്തത് കരാർ ഇല്ലാത്തതുകൊണ്ടാണ്. രോക്ഷത്തിനൊപ്പം, എല്ലാം ഉണ്ട് എന്ന മറുപടിയല്ലാതെ കരാർ വിശദാംശങ്ങൾ മന്ത്രിയും പറയുന്നില്ല. ജി.സി.ഡി.എ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താ കുറിപ്പിലും കരാറിനെക്കുറിച്ചോ വിശദാംശങ്ങളെക്കുറിച്ചോ ഒന്നുമില്ല. ഇതിൽ നിന്നെല്ലാം കാര്യങ്ങൾ വ്യക്തമാണ്. സ്പോൺസറുടെ കഷ്ടപ്പാടിനെക്കുറിച്ചും ബാധ്യതയക്കുറിച്ചും മാത്രമാണ് മന്ത്രിക്കു പറയാനുള്ളതിലേറെയും. സ്റ്റേഡിയം നവീകരണത്തെച്ചൊല്ലി വിവാദങ്ങൾ കത്തി നിൽക്കെ ഇന്ന് ജി.സി.ഡി.എ യോഗം ചേരും. ഇക്കാര്യങ്ങളെല്ലാം ചർച്ചയ്ക്കെടുക്കും.