അർജന്റീനയുടെ കൊച്ചിയിലെ മത്സരത്തിൽ സ്പോൺസറുമായി ബന്ധമില്ലെന്ന ജിസിഡിഎ വാദം പൊളിയുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറിയത് മൂന്ന് പേർ ഒപ്പിട്ട കടലാസിന്റെ ബലത്തിൽ. ഏതോ കരാറിന്റെ അനുബന്ധം എന്ന നിലയിൽ തയാറാക്കിയതാണ് കടലാസ്. ജിസിഡിഎ സെക്രട്ടറി, സ്പോൺസർ, എസ്കെഎഫ് ചീഫ് എൻജിനീയർ എന്നിവരാണ് കടലാസിൽ ഒപ്പിട്ടത്. സ്റ്റേഡിയം നവീകരണവുമായോ സ്പോൺസറുമായോ നേരിട്ട് ഒരു ബന്ധവും ഇല്ല എന്നും, എസ്കെഎഫുമായാണ് ജിസിഡിഎ ഉടമ്പടി എന്നുമായിരുന്നു ജിസിഡിഎ യുടെ വാദം. മൂന്നുപേർ ഒപ്പിട്ട കടലാസിൽ സ്റ്റേഡിയത്തിനുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം ആർക്കെന്നും, പരിപാടി നടത്തുമ്പോള്‍ ജിസിഡിഎയുടെ വിഹിതം എന്താണെന്നും നിശ്ചയിച്ചിട്ടുമില്ല.രേഖയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ജിസിഡിഎ എസ്കെഎഫിനും എസ്കെഫ് സ്പോൺസർക്കും കലൂർ രാജ്യാന്തര സ്റ്റേഡിയം വിട്ടു നൽകിയത് പിച്ചിൽ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന നിബന്ധനകൾ പോലും ഇല്ലാതെയാണ്. 2018-19, 2022-23 ഐഎസ്എല്‍ സീസണുകളിൽ മികച്ച പിച്ചിനുള്ള പുരസ്കാരം ലഭ്യമായ സ്റ്റേഡിയമാണ് ഇങ്ങനെ വിട്ടുനൽകിയത്. ജിസിഡിഎ ഇറക്കിയ വാർത്താക്കുറിപ്പിൽ പ്രഥമ പരിഗണനയാണ് പിച്ചിന്‍റെ നവീകരണത്തിനുള്ളത്.
എന്തുകുഴപ്പമാണ്, അപാകതയാണ് നിലവിലെ പിച്ചിനുള്ളത്, എന്താണ് ശരിയാക്കേണ്ടത് ഇങ്ങനെ ഒന്നും ചോദിക്കാതെ, വ്യക്തത വരുത്താതെയാണ് അതീവ ശ്രദ്ധയോടെ നവീകരിക്കേണ്ട പിച്ചിന്റെയുൾപ്പെടെ നവീകരണം ജിസിഡിഎ കേവലം വാക്കാൽ എസ്കെഎഫിന് കൈമാറിയത്. അണ്ടർ 17ലോക കപ്പിന് തയ്യാറാക്കിയ, കേരള ബ്ലാസ്റ്റേഴ്സ് അതേ നിലവാരത്തിൻ മെയിന്റെയിന്‍ ചെയ്യുന്ന പിച്ചാണ് കലൂരിലെത് എന്നത് ഗൗരവം ഇരട്ടിപ്പിക്കുന്നു. മുൻപ് അർജന്റീന സൗഹൃദ മത്സരം കളിച്ച കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പിച്ചിനെപ്പോലും മറികടന്നാണ് 2018-19 സീസണിലും 2022-23 സീസണിലും കലൂരിലെ പിച്ച് ഐഎസ്എല്ലിൽ ഒന്നാമതെത്തിയത്. ഗ്രാസ് മാറ്റി, മണലും മാറ്റി പിച്ചിന്റെ പൂർണ നവീകരണമാണ് ലക്ഷ്യമെങ്കിൽ അത് കേവലം ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
അങ്ങനെയല്ല ഗ്രാസ് മാത്രം വെട്ടി ലെവലാക്കുകയാണ് ഉദ്യേശമെങ്കിൽ സ്പോൺസർ പറഞ്ഞ 70കോടി എന്തിനാണെന്നും ഇവർ സംശയം ഉന്നയിക്കുന്നു. മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ സ്റ്റേഡിയത്തിൻ്റെ കപ്പാസിറ്റി 42000 ത്തിനപ്പുറത്തേയ്ക്ക് ഉയർത്താനാകില്ലെന്ന് വ്യക്തമാക്കിയതാണ്. പിന്നെങ്ങനെ സ്പോൺസർ പറഞ്ഞ 50,000 സീറ്റിങ് കപ്പാസിറ്റിയാക്കും. ഇങ്ങനെ സംശയങ്ങളും ദുരൂഹതകളും ഏറുമ്പോഴും GCDAയ്ക്ക് മൗനം തന്നെ. അതേസമയം മാർച്ചിൽ, പുതിയ വിൻഡോയിൽ അർജന്റീന എത്തും എന്ന് സ്പോൺസറും, കായികമന്ത്രിയും ആവർത്തിക്കുമ്പോഴും KFA ഇക്കാര്യം അറിഞ്ഞിട്ടില്ല. നവംബർ 17ലെ കളിയും അനുബന്ധയോഗങ്ങളും അറിഞ്ഞിരുന്നില്ല. സ്റ്റേഡിയം നവീകരണം അടിമുടി ദുരൂഹമായി തുടരുമ്പോഴും ന്യായികരിച്ച്, വസ്തുതകൾ പറയാതെ ഒഴിഞ്ഞുമാറുകയാണ് സ്പോൺസറെ പിന്തുണയ്ക്കുന്ന കായികമന്ത്രിയും, GCDAയും.