കലൂർ സ്റ്റേഡിയം കൈമാറ്റത്തിന് തയ്യാറാക്കിയ കരാറിന്റെ കരട് നിയമവകുപ്പ് പരിശോധിച്ച് തീരുമാനം അറിയിക്കും മുൻപേയാണ് തിടുക്കപ്പെട്ട് സ്പോൺസർ നവീകരണം തുടങ്ങിയത്. അതിനിടെ, സ്‌റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന ജിസിഡിഎയുടെ പരാതിയിൽ എറണാകുളം ഡിസിസി അധ്യക്ഷനടക്കം കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഡിയം കൈമാറ്റത്തിൽ കായിക മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളതെന്നും മന്ത്രി വിശദീകരണം നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
അർജന്‍റീന ടീമിന്‍റെ സന്ദർശനത്തിന്‍റെ പേരിൽ കലൂർ സ്‌റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് സ്പോൺസർക്ക് ജിസിഡിഎ കൈമാറിയത്. കൈമാറ്റം കരാറില്ലാതെയായിരുന്നു. സ്പോൺസറുമായി നേരിട്ട് ഇടപാടില്ലെന്നാണ് ജിസിഡിഎ വാദം. കായികമന്ത്രി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്‌റ്റേഡിയം കൈമാറ്റം. എന്നാൽ സ്പോൺസറും എസ്കെഎഫും ഉൾപ്പെട്ട കരാറിന് ജിസിഡിഎ നീക്കം നടത്തിയിരുന്നു. കരാറിൻറെ കരട് പരിശോധിച്ച് തീരുമാനം അറിയിക്കാൻ നിയമവകുപ്പിന് കൈമാറുകയും ചെയ്തു. എന്നാൽ നിയമവകുപ്പിൻറെ തീരുമാനം വരുംമുൻപേ കരാറൊന്നുമില്ലാതെ സ്‌പോൺസർക്ക് സ്‌റ്റേഡിയം കൈമാറുകയും നവീകരണം തുടങ്ങുകയുമായിരുന്നു. മെസ്സിപ്പട ഉടനെത്തും അതിനാൽ അതിവേഗം നവീകരണം പൂർത്തിയാക്കണം കരാർ പിന്നീട് എന്നതായിരുന്നു നിയമവകുപ്പിനെ നോക്കുകുത്തിയാക്കിയുളള നീക്കത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. മെസ്സി വരില്ലെന്ന് ഉറപ്പായതോടെ കരാറിൻറെ കാര്യത്തിലും മുന്നോട്ടുപോക്കുണ്ടായില്ല. സ്‌റ്റേഡിയം കൈമാറ്റ വിവാദത്തിൽ സർക്കാർ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച്ച വൈകീട്ട് കലൂർ സ്റ്റേഡിയത്തിൽ പ്രവേശിച്ച DCC അധ്യക്ഷൻ മുഹമ്മദ് ഷിയാസിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘത്തിനെതിരെ ജിസിഡിഎയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്. കോൺഗ്രസ് സംഘം സ്റ്റേഡിയം സുരക്ഷാ ജീവനക്കാരെ കൈയ്യേറ്റം ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.