അർജന്‍റീന ടീമിന്‍റെ സന്ദർശനത്തിന്‍റെ പേരിൽ കലൂർ സ്റ്റേഡിയം കൈമാറിയതിൽ സ്പോൺസറുമായി കരാറില്ലെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിളള. സ്പോൺസറുമായുള്ള ഇടപാടിന്‍റെ ഉത്തരവാദിത്വം സ്പോർട്സ് കേരള ഫൗണ്ടേഷന്‍റെ തലയിൽവച്ച് ജിസിഡിഎ ചെയർമാൻ കൈയൊഴിഞ്ഞു. വിവാദം രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. സ്റ്റേഡിയം നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ ജിസിഡിഎ പൊലീസിൽ പരാതി നൽകി. ഇതിനിടെ, ജിസിഡിഎ യോഗം ചേരുകയാണ്.
അർജന്‍റീന ടീമിന്‍റെ സന്ദർശനത്തിന്‍റെ പേരിൽ കലൂർ സ്‌റ്റേഡിയം നവീകരണത്തിന് കൈമാറിയ വിവാദത്തിൽ ജിസിഡിഎയ്ക്ക് രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് സിപിഎം തീരുമാനം. ജിസിഡിഎ യോഗത്തിന് മുൻപ് സിപിഎം ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അടക്കം പങ്കെടുത്ത യോഗം ചേർന്നു. സ്പോൺസറുമായി ജിസിഡിഎ കരാറുണ്ടാക്കിയിട്ടില്ലെന്ന് ചെയർമാൻ കൈയൊഴിഞ്ഞു. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് സ്‌റ്റേഡിയം കൈമാറിയതെന്ന് കെ ചന്ദ്രൻപിളള.
70 കോടിയിലധികം രൂപയുടെ നവീകരണം നടത്തുന്നുവെന്ന് സ്പോൺസർ അവകാശപ്പെടുമ്പോഴും അങ്ങിനെ എസ്‌റ്റിമേറ്റില്ലെന്ന് ജിസിഡിഎ ചെയർമാൻ. സ്‌റ്റേഡിയം നവീകരണത്തിൽ ക്രമവിരുദ്ധമായുണ്ടെങ്കിൽ പരിശോധിക്കും. മാർച്ചിൽ അർജൻ്റീന വന്നാൽ സ്പോൺസർക്ക് സ്‌റ്റേഡിയം വിട്ടുനൽകുമെന്നും ജിസിഡിഎ ചെയർമാൻ. കഴിഞ്ഞ ദിവസങ്ങളിൽ സ്‌റ്റേഡിയത്തിൽ പ്രവേശിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ ജിസിഡിഎ പൊലീസിൽ പരാതി നൽകി. സ്‌റ്റേഡിയം കൈമാറ്റം ജിസിഡിഎ ജനറൽ കൗൺസിൽ വിശദമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ കത്ത് നൽകി. ജിസിഡിഎ ആസ്ഥാനത്തേയ്ക്ക് യുവമോർച്ചയും ബിഡിജെഎസും പ്രതിഷേധമാർച്ച് നടത്തി. കായികമന്ത്രിയുടെ കോലം കത്തിച്ച് ജിസിഡിഎ ആസ്ഥാനത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.