കേരള ബ്ലാസ്‌റ്റേഴ്സിനെ കൊച്ചിയിലെ ഹോം ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്ത് ജിസിഡിഎ. 8.4 ലക്ഷത്തിൽ നിന്ന് സ്റ്റേഡിയം വാടക രണ്ട് ലക്ഷമായി ജിസിഡിഎ കുറച്ചു. കൊച്ചിയിൽ തന്നെ കളിക്കാനായതിൽ സന്തോഷമെന്ന് ബ്ലാസ്‌റ്റേഴ്സും പ്രതികരിച്ചു. 22 മുതൽ മെയ് 9വരെ ഐ.എസ്.എല്ലിലെ ഒന്‍പത് മൽസരങ്ങളാണ് കലൂർ സ്റ്റേഡിയത്തിൽ നടക്കുക.
കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്സിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്റ്റേഡിയം വാടക കുറച്ച കാര്യം ജിസിഡിഎ ചെയർമാൻ വ്യക്തമാക്കിയത്. ഒറ്റ തവണത്തേക്ക് മാത്രം എ.ഐ.എഫ്.എഫ് ഉൾപ്പെടെ അഭ്യർഥിച്ചത് പരിഗണിച്ചാണ് വാടക കുറച്ചത്. വാടകയിൽ ഇളവുവരുത്തി സ്‌റ്റേഡിയം വിട്ടുനൽകുന്നത് സ്വാഗതാർഹമെന്ന് ബ്ലാസ്‌റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.
രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയത്തിൽ കൂടുതൽ മാർച്ച് 31ന് ഇന്ത്യ -ഹോങ്കോങ് മൽസരത്തിന് സാധ്യതയുണ്ടെന്നും ചന്ദ്രൻ പിള്ള പറഞ്ഞു. സ്റ്റേഡിയം നവീകരിക്കുന്നതിലെ കൃത്യം തുക സംബന്ധിച്ച് ധാരണയായിട്ടില്ല. മെസി വരുന്നതിൽ സ്പോൺസർ പറയുന്നത് വിശ്വാസത്തിലെടുക്കുന്നു. മെസി മാർച്ചിൽ വരുമെന്നോ ഇല്ലെന്നോ പറയാൻ തനിക്ക് കഴിയില്ലെന്നും ചന്ദ്രൻ പിള്ള പറഞ്ഞു.