ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചു നീക്കി. ആന്തരിക അവയവങ്ങൾക്ക് അണുബാധ ഉണ്ടായേക്കാവുന്ന സാധ്യത പരിഗണിച്ചാണ് കാലു മുറിച്ചുനീക്കിയത്. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചികിത്സ ചെലവ് ഏറ്റെടുക്കും. കുടുംബത്തിന് സർക്കാർ സഹായം ലഭിച്ചില്ലെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് മമ്മൂട്ടിയുടെ ഇടപെടൽ.
തുടർച്ചയായി എത്തിയ ദുരന്തങ്ങളിൽ പകച്ചു നിൽക്കുകയാണ് സന്ധ്യയുടെ ബന്ധുക്കൾ. ഇളയ മകൻ അർബുദം ബാധിച്ചു മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. ഏക അത്താണിയായിരുന്ന ഭർത്താവ് മണ്ണിടിച്ചിൽ മരിച്ചുവെന്ന് സന്ധ്യയെ അറിയിച്ചിട്ടേയില്ല. കിടപ്പാടം മണ്ണിടിച്ചടിച്ചിലിൽ തകർന്നടിഞ്ഞു. ദുരിതാശ്വാസ ക്യാമ്പിൽ മകളും ഒറ്റയ്ക്ക്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ഇടതു കാലിന് രക്തയോട്ടം ഇല്ലായിരുന്നു. ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനഃസ്ഥാപിച്ചുവെങ്കിലും അണുബാധ വെല്ലുവിളിയായതോടെയാണ് കാലു മുറിച്ചു മാറ്റിയത്. ഇതുവരെ 4 ലക്ഷത്തിലധികം രൂപ ചികിത്സക്കായി. സന്ധ്യയുടെ അവസ്ഥ മനോരമ ന്യൂസ് വാർത്തയിലൂടെ അറിഞ്ഞ മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചികിത്സാ ചെലവ് ഏറ്റെടുക്കാമെന്ന് സന്ധ്യയുടെ സഹോദരനെ അറിയിക്കുകയായിരുന്നു.