പി.എം.ശ്രീയില്‍ സിപിഐക്കു മുന്നില്‍ മുട്ടു മടക്കി സിപിഎം. പി.എംശ്രീ പദ്ധതി മരവിപ്പിക്കാനും ഇക്കാര്യം കാണിച്ച് കേന്ദ്രത്തിന് കത്തയക്കാനും മുഖ്യമന്ത്രി പങ്കെടുത്ത സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തീരുമാനം സിപിഎം നേതൃത്വം സിപിഐയെ അറിയിക്കുകയും ചെയ്തു. പദ്ധതി മരവിപ്പിക്കുന്നതിന് മുന്നോടിയായി തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനും നിര്‍ദേശം നല്‍കിയത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മനോരമ ന്യൂസ്.
ഇടത് മുന്നണിക്കും രണ്ടാം പിണറായി സര്‍ക്കാരിനും മീതെ ഉരുണ്ടുകൂടിയ കാറും കോളും ഒഴിയുന്നു. വിവാദ പി.എം.ശ്രീ പദ്ധതി മരവിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ വഴങ്ങാനുള്ള സുപ്രധാന രാഷ്ട്രീയ തീരുമാനമെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ദേശീയ സെക്രട്ടറി എം.എ ബേബിയും ഉള്‍പ്പെടെ പങ്കെടുത്തു. പി.എം.ശ്രീ പദ്ധതി മരവിപ്പിക്കും, കരാര്‍ മരവിപ്പിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനെ രേഖാ മൂലം അറിയിക്കും
ഇക്കാര്യം എം.എ ബേബി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിലൂടെ അറിയിച്ചു . പി.എം.ശ്രീയെ അപ്പാടെ എതിര്‍ക്കുന്ന സിപിഐയുടെ രാഷ്ട്രീയമായും നയപരവുമായും ഉള്ള കടുത്ത നിലപാട് സര്‍ക്കാരിനും മുന്നണിക്കും വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നുള്ള തിരിച്ചറിവ് സിപിഎമ്മിന് കൈവരികയായിരുന്നു. തിരഞ്ഞെടുപ്പിന് തോട്ടു മുന്‍പ് മുന്നണിയിലെ പ്രധാന ഘടക കക്ഷിയെ പിണക്കി അകറ്റാനാവില്ല. സിപിഐ നിലപാടിന് ലഭിച്ച പൊതു പിന്തുണ, ബിജെപിയുമായുള്ള ബാന്ധവം എന്ന പ്രതിപക്ഷ ആരോപണം എന്നിവയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതൃത്വം പരിഗണിച്ചു.
മരവിപ്പിക്കല്‍ തീരുമാനത്തിന് മുന്‍പുതന്നെ പിഎം.ശ്രീയിലെ തുടര്‍നടപടികള്‍ നിറുത്തിവെക്കാനും വിദ്യാഭ്യാസ മന്ത്രിയോടും വകുപ്പിനോടും പ്രതികരണങ്ങള്‍ അവസാനിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചത് മനോരമ ന്യൂസ് പുറത്തു വിട്ടിരുന്നു. തല്‍ക്കാലം രാഷ്ട്രീയ പ്രതിസന്ധി ഒഴിഞ്ഞെങ്കിലും പി.എം. ശ്രീ കരാര്‍റദ്ദാക്കാന്‍ കേന്ദ്രത്തിന് മാത്രമെകഴിയൂ എന്ന കരാര്‍ വ്യവസ്ഥയും, കേരളത്തിന് ലഭിക്കേണ്ട പണം ഇനി കിട്ടാനിടയില്ലെന്ന യാഥാര്‍ഥ്യവും ബാക്കിയാണ്.