സംസ്ഥാനത്ത് ഫാക്ടറികളിലെ ബോയിലർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾക്ക് കാരണം ലൈസൻസ് ബോയിലർ ഓപ്പറേറ്റർമാരുടെ അഭാവം. അര ടണ്ണിന് മുകളിൽ ശേഷിയുള്ള ബോയിലറുകൾ ഉപയോഗിക്കാൻ ലൈസൻസുള്ള ബോയിലർ ഓപ്പറേറ്റർമാർ വേണമെന്നിരിക്കെ ഒരു ഫാക്ടറികളിലും ഇത് നടപ്പാക്കുന്നില്ല. ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നതോടെ അന്യസംസ്ഥാന തൊഴിലാളികളാണ് മിക്ക ഫാക്ടറികളിലും അപകടകരമായ രീതിയിൽ ബോയിലറുകൾ പ്രവർത്തിപ്പിക്കുന്നത്.
കാസർകോട് അനന്തപുരിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ഒരു തൊഴിലാളി മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നിരവധി തൊഴിലാളികൾക്ക് ഇനി ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ.
അര ടണ്ണിനു മുകളിൽ ശേഷിയുള്ള ബോയിലറുള്ള കമ്പനികൾക്ക് പ്രവർത്തന അനുമതി ലഭിക്കാൻ ലൈസൻസിട് ബോയിലർ ഓപ്പറേറ്റർമാർ ആവശ്യമാണ്. ഇത്തരത്തിൽ ഒരാളെ മാത്രമാണ് ഭൂരിഭാഗം കമ്പനികളും ജോലിക്ക് എടുക്കുന്നത്. ഇയാൾ ഇല്ലാതെ മറ്റ് രണ്ടു ഷിഫ്റ്റ് കളിലും അന്യസംസ്ഥാന തൊഴിലാളികൾ തന്നെ ബോയിലുകൾ പ്രവർത്തിപ്പിക്കും.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സാങ്കേതിക പരിജ്ഞാനം ഒന്നുമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ തട്ടിക്കൂട്ട് പരീക്ഷയിൽ പങ്കെടുപ്പിച്ച് ലൈസൻസ് നേടിയെടുക്കും. പേരിന് ലൈസൻസ് ഉണ്ടെന്നതല്ലാതെ ഇവർക്ക് വൻ അപകട സാധ്യതയുള്ള ബോയിലർ എങ്ങനെ സുരക്ഷിതമായി പ്രവർത്തിപ്പിക്കണം എന്നതിൽ ഒരു ധാരണയും ഉണ്ടാകില്ല.