യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയോട് മാത്രമെന്ന് അബിന്‍ വര്‍ക്കി. രാഹുല്‍ ഗാന്ധിയുള്ളതുകൊണ്ടാണ് ഭൂരിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടിയിലേക്ക് കടന്നുവരുന്നതെന്നും അബിന്‍ പറഞ്ഞു. നേതാക്കള്‍ മാത്രം ചേരുന്നതല്ല സംഘടനയെന്നും ത്യാഗങ്ങള്‍ സഹിക്കുന്ന ഒട്ടേറെ പ്രവര്‍ത്തകരുണ്ടെന്നും അബിന്‍ പറഞ്ഞു. ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തത് അവസരമായി കാണുന്നതായും പറഞ്ഞു. ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്ത് അബിനെ ഒതുക്കിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പരാമര്‍ശം.
അതിനിടെ ഒ.ജെ ജനീഷിന്‍റെ നേതൃത്വത്തിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചുമതലയേറ്റു. വര്‍ക്കിങ് പ്രസിഡന്‍റായി ബിനു ചുള്ളിയില്‍ ചുമതലയെടുത്തപ്പോള്‍ നീരസം മറന്ന് അബിന്‍ വര്‍ക്കിയും കെ.എം അഭിജിത്തും ദേശീയ സെക്രട്ടറിമാരുടെ ചുമതലയും ഏറ്റെടുത്തു. തദേശ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്ന് ജനീഷ് ആദ്യ പ്രസംഗത്തില്‍ തന്നെ ആവശ്യപ്പെട്ടു. ജയസാധ്യതയുള്ള സീറ്റ് നല്‍കണമെന്നുമായിരുന്നു കെ.പി.സി.സി നേതൃത്വം ഇരുന്ന വേദിയില്‍ ജനീഷ് ആവശ്യപ്പെട്ടത്..