മെസ്സി കേരളത്തിൽ വരുമോ ഇല്ലയോ എന്ന് ചർച്ചകൾക്കിടെ ബൈക്ക് റേയ്സ് ഉദ്ഘാടനം ചെയ്യാൻ അടുത്ത ദിവസം സിനിമാതാരം സൽമാൻഖാൻ കോഴിക്കോട് എത്തുമെന്ന പ്രഖ്യാപനവുമായി മന്ത്രി വി. അബ്ദുറഹിമാൻ. ചെറുപ്പക്കാർക്ക് ഹരമായ വണ്ടിപ്പൂട്ട് മൽസരം സർക്കാർ പിന്തുണയോടെ നടത്തുന്ന കാര്യം പരിഗണിക്കുന്നതായും മന്ത്രി പറഞ്ഞു. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടിപ്പൂട്ട് മൽസരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വണ്ടിപ്പൂട്ട് മൽസരം കാണാൻ എത്തിയ മലപ്പുറത്തെ ഫുട്ബോൾ ആരാധകരെല്ലാം മെസ്സിയുടെ വരവിനെക്കുറിച്ച് മന്ത്രി പറയുമെന്ന് പ്രതീക്ഷിച്ചാണ് ഉദ്ഘാടന പ്രസംഗത്തിന് കാത്തിരുന്നത്. പക്ഷെ അടുത്ത ദിവസം കോഴിക്കോട് സൽമാൻ ഖാൻ വരുന്നതിനെക്കുറിച്ചാണ് മന്ത്രി പറഞ്ഞത്.
അടുത്തിടെയായി ചെറുപ്പക്കാർക്കിടയിൽ ആവേശമായി മാറിയ വണ്ടിപ്പൂട്ട് മൽസരത്തിന് അംഗീകാരം ആവശ്യപ്പെടുന്നുണ്ടെന്നും സർക്കാർ പിന്തുണയോടെ മൽസരങ്ങൾ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നുമായിരുന്നു കായികമന്ത്രിയുടെ അടുത്ത പ്രഖ്യാപനം. അർജന്‍റീനയുടെ വരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി കാത്തിരുന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മന്ത്രി മടങ്ങിയത്.