ആലപ്പുഴ അരൂരിൽ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയ പാതയിലെ ഗതാഗത കുരുക്കിൽപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും. അരൂർ ക്ഷേത്രം കവലയ്ക്കും അരൂർ ജംക്‌ഷനും ഇടയിലുള്ള ഗതാഗതക്കുരുക്കിലാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പെട്ടത്. ആലപ്പുഴ വയലാറിലെ രക്ത സാക്ഷി വാരാചരണ പരിപാടികളുടെ സമാപന പൊതു സമ്മേളനത്തിൽ പ്രസംഗിച്ച ശേഷം എറണാകുളത്തേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനാൽ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിച്ചിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് ചരക്കു വാഹനങ്ങൾക്കിടയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. ചന്തിരൂർ സ്കൂൾ മുതൽ അരൂർ ജംക്‌ഷന്‍ വരെ മുഖ്യമന്ത്രിയുടെ വാഹനത്തിന് ഗതാഗത പ്രശ്നം നേരിടേണ്ടി വന്നു. വൈകിട്ട് നാലുമണി മുതലുണ്ടായ ഗതാഗതക്കുരുക്ക് രാത്രിയോടെ രൂക്ഷമാകുകയായിരുന്നു.