• മണ്ണിടിച്ചില്‍ ഇന്നലെ രാത്രി പത്തരയോടെ
  • സന്ധ്യയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
  • നിരവധി വീടുകള്‍ തകര്‍ന്നു

ഇടുക്കി അടിമാലിക്ക് സമീപം ദേശീയപാതയില്‍ മണ്ണിടിഞ്ഞ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. അടിമാലി ലക്ഷംവീട് ഉന്നതിയിലുള്ള ബിജുവാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബിജുവിന്‍റെ ഭാര്യ സന്ധ്യയെ പുറത്തെടുത്തു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പത്തരയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞതോടെ രണ്ട് വീടുകള്‍ പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 

വീട്ടില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റും എടുക്കുന്നതിനായി ബിജുവും സന്ധ്യയും പോയ സമയത്താണ് അപകടമുണ്ടായത്. വിവരം പുറത്തറിഞ്ഞയുടന്‍ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംരഭിച്ചു. എന്‍.ഡി.ആര്‍.എഫ് അടക്കമുള്ള വിപുലമായ സന്നാഹമെത്തിച്ച് ആറ് മണിക്കൂറിലധികം നീണ്ട പരിശ്രത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്. ശ്വാസതടസവും കാലിന് പൊട്ടലുമുണ്ടായ സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീണ്ടും  ഒരു മണിക്കൂറിലധികം മണ്ണുമാന്തി യന്ത്രങ്ങളടക്കം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്. അഗ്നിശമനസേന എത്തുമ്പോള്‍തന്നെ കോണ്‍ക്രീറ്റ് ബീമിനടിയില്‍ ‍ഞെരുങ്ങിയനിലയാണ് ഇരുവരും കിടന്നിരുന്നത്.

ENGLISH SUMMARY:

Idukki Landslide resulted in one death and one injury after a major landslide near Adimali. Rescue operations were initiated immediately, and the injured victim was transported to a hospital in Kochi for treatment.