sabarimala-police-pilgrims

ശബരിമലയില്‍വീണ്ടും തീർത്ഥാടകരെ തള്ളിവിട്ട് പൊലീസുകാരൻ. തുലാമാസ പൂജാ സമയത്തെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നടപ്പന്തലിൽ കാത്തുനിന്ന തീർത്ഥാടകരെയാണ് തള്ളിവിട്ടത്. തീര്‍ത്ഥാടകരോ‍ട് ആദരവോടെ പെരുമാറണമെന്ന ഔദ്യോഗിക നിർദ്ദേശം നിലനില്‍ക്കേയാണ് പൊലീസുകാരന്‍ തീര്‍ത്ഥാടകരെ തള്ളിവിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ഒക്ടോബർ 17-ാം തീയതി വൈകിട്ടാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. 22-ാം തീയതി രാത്രി പൂജ പൂർത്തിയാക്കി നടയടക്കുകയും ചെയ്തു. വലിയ തിരക്കാണ് ഈ ദിവസങ്ങളില്‍‌ സന്നിധാനത്ത് അനുഭവപ്പെട്ടത്. അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയിരുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ആവശ്യത്തിന് പൊലീസും ഉണ്ടായിരുന്നില്ല.

അതേസമയം, ദൃശ്യങ്ങളില്‍ കാണുന്ന പൊലീസുകാരന്‍ ആരാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. നടപ്പന്തലിൽ ഉണ്ടായിരുന്ന മറ്റ് തീര്‍ത്ഥാടകരാണ് ദൃശ്യം പകര്‍ത്തിയത്. ഇതുകൂടാതെ തിരിലും തിരക്കിൽ മണിക്കൂറുകളോളം ആളുകള്‍ക്ക് കാത്തുനില്‍ക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരോട് ആദരവോടെ പെരുമാറണം എന്ന് പൊലീസുകാര്‍ക്ക് ഔദ്യോഗിക നിർദ്ദേശമുള്ളതാണ്. തീര്‍ത്ഥാടകരെ സ്വാമി എന്ന് മാത്രമേ വിളിക്കാൻ പാടുള്ളൂ, ആദരവോടുകൂടി മാത്രമേ പെരുമാറാൻ പാടുള്ളൂ എന്നെല്ലാം ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കൃത്യമായി നിര്‍ദേശം നല്‍കാറുണ്ട്. ഓരോ ബാച്ചും മാറി വരുമ്പോഴും അവർക്കൊക്കെ കൃത്യമായ നിർദ്ദേശം അടങ്ങിയ പുസ്തകവും പ്രിന്റ് ചെയ്ത് നല്‍കാറുണ്ട്. 

ENGLISH SUMMARY:

A video from the Sabarimala Thulam month puja (Oct 17-22) has surfaced, showing a police officer pushing waiting devotees at the Nadappanthal, despite official instructions mandating respectful conduct towards pilgrims, who are to be addressed only as 'Swami'. The incident occurred amidst heavy crowding and alleged insufficient arrangements by the Devaswom Board.