Image Credit: facebook/ADIMALI NEWS
ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ ഇരുകാലിനും ഗുരുതരമായി പരുക്കേറ്റ സന്ധ്യ കൊച്ചി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വലതു കാലിലെ പേശികൾ ചതഞ്ഞരഞ്ഞ നിലയിലാണ്. ഇടതുകാലിൽ രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്. രാവിലെ അഞ്ചരയോടെ ആശുപത്രിയിൽ എത്തിച്ച സന്ധ്യയെ ശസ്ത്രക്രിയയ്ക്കായി കയറ്റിയിരിക്കുകയാണ്. ദുരന്തത്തിൽ ഭർത്താവ് ബിജു മരിച്ച വിവരം ഇതേവരെ സന്ധ്യയെ അറിയിച്ചിട്ടില്ല.
ഇന്നലെ രാത്രി 10 മണിയോടെയാണ് ലക്ഷംവീട് ഉന്നതിയിലേക്ക് മണ്ണിനൊപ്പം കൂറ്റൻ പാറക്കൂട്ടവും ഇടിഞ്ഞുവീണത്. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ നേരത്തെ 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. ഇത് വലിയ ദുരന്തം ഒഴിവാക്കി. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രേഖകൾ എടുക്കാനും ഭക്ഷണം കഴിക്കാനും എത്തിയപ്പോഴാണ് ബിജുവും ഭാര്യ സന്ധ്യയും തകർന്നുവീണ കോൺക്രീറ്റ് ഭിത്തിക്കടിയിൽപ്പെട്ടത്.
മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനൊടുവിൽ പുലർച്ചെ മൂന്ന് മണിക്കാണ് സന്ധ്യയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് കോൺക്രീറ്റ് ഭിത്തി മാറ്റിയതിനുശേഷം ഭർത്താവ് ബിജുവിനെ പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പ് അസുഖ ബാധിതനായ ബിജുവിന്റെ മകൻ മരിച്ചിരുന്നു. ഈ ദുരന്തത്തിൽ നിന്ന് കരകയറുന്നതിന് മുമ്പാണ് കുടുംബത്തിന് അടുത്ത ആഘാതം.
പ്രദേശത്തെ എട്ട് വീടുകൾ മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്. ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.