ശബരിമല ശ്രീകോവിലിന്‍റെ സ്വർണ വാതിൽ ബെള്ളാരിയിലും പ്രദർശിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയ ബെള്ളാരിയിലെ വ്യവസായി ഗോവർധനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 2019ൽ പുതുക്കി പണിത സ്വർണ വാതിൽ ശബരിമലയിൽ സ്ഥാപിക്കുന്നതിനു മുന്നോടിയായിയാണ് ബെല്ലാരിയിൽ എത്തിച്ചത്. ആയിരങ്ങള്‍ ദര്‍ശനം നടത്തി. സ്വർണ വാതിൽ പണിതു നൽകിയത് താനെന്നും ഗോവർധന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി വഴിയാണ് വാതിൽ സമർപ്പിക്കാനുള്ള അവസരം ലഭിച്ചത്. സ്വർണ വാതിൽ സമർപ്പിക്കാൻ കുടുംബസമേതം ശബരിമലയില്‍ എത്തിയതായും ഗോവര്‍ധന്‍ പറഞ്ഞു. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണം കുറഞ്ഞത് അറിഞ്ഞില്ല. സ്വര്‍ണം വാങ്ങാനിടയായ സാഹചര്യവും ഗോവര്‍ധന്‍ എസ്ഐടിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ.ടി ഗോവര്‍ധന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.ബെള്ളാരിയില്‍ എത്തിയും നേരത്തെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തതിയും ഗോവര്‍ധന്‍റെ മൊഴി എടുത്തിരുന്നു. ദേവസ്വം വിജിലൻസും മൊഴി എടുത്തിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ഗോവര്‍ധന്‍ പറഞ്ഞു.
അതേസമയം, ഗോവർധനെ മുഖ്യസാക്ഷിയാക്കാനാണ് തീരുമാനം. ഗോവര്‍ധന്‍റെ ബെള്ളാരിയിലെ റൊഡ്ഡാം ജ്യുവല്‍സില്‍ ഉണ്ണികൃഷ്‌ണൻ പോറ്റി വിൽപ്പന നടത്തിയ സ്വർണം കഴിഞ്ഞ ദിവസം വീണ്ടെടുത്തിരുന്നു. ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളികൾ നാഗേഷ് എന്നയാൾ വഴി ഹൈദരാബാദിൽ എത്തിച്ചു സ്വർണം വേർതിരിച്ചെടുത്തു. ഇതിൽ 476 ഗ്രാം റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനു വിറ്റെന്ന് പോറ്റി മൊഴി നൽകിയിരുന്നു. പിടിച്ചെടുത്ത സ്വർണം റാന്നി കോടതിയിൽ ഹാജരാക്കും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും എസ്ഐടി പരിശോധിക്കുന്നുണ്ട്. ഫ്ലാറ്റില്‍ നിന്ന് ഭൂമി ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും വലിയ ഇടപാടുകളുടെ പണത്തിന്റെ സ്രോതസ് തേടിയാണ് അന്വേഷണം. പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമാണ് റിയൽ എസ്റ്റേറ്റിൽ സജീവമായതെന്നാണ് കണ്ടെത്തൽ.