ശനിയാഴ്ച രാത്രി പത്തരയോടെ ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിന്‍റെ ആഘാതത്തിലാണ് അടിമാലിക്കാര്‍. അപകടസാധ്യതാ പ്രദേശമാണെന്ന് പറഞ്ഞിട്ടും വേണ്ടത്ര അധികൃതര്‍ ഗൗനിച്ചില്ലെന്നും ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മണ്ണിടിയുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ മാത്രമാണ് ആളുകളെ മാറ്റിത്താമസിപ്പിച്ചത്. എന്നാല്‍ മാറ്റിപ്പാര്‍പ്പിച്ച ക്യാംപില്‍ കഴിയണമെങ്കില്‍ റേഷന്‍കാര്‍ഡ് കാണിക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചുവെന്നും ഇതനുസരിച്ച് റേഷന്‍കാര്‍ഡ് എടുക്കാന്‍ വീട്ടില്‍ പോയപ്പോഴാണ് ബിജുവും സന്ധ്യയും അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രദേശവാസിയുടെ വാക്കുകളിങ്ങനെ...'നില്‍ക്കാതെ മഴ പെയ്തുകൊണ്ടേയിരിക്കുവാ, ഇന്നലെ മാത്രമാണ് അല്‍പം ആശ്വാസമുണ്ടായത്. ഇന്നലെ കൂടെ മഴ പെയ്തിരുന്നെങ്കില്‍ ഇതിലും വലിയ ദുരന്തം ഇവിടെ സംഭവിച്ചേനെ. ഒരുപാട് വീടുകള്‍ അങ്ങനെയാണെങ്കില്‍ പോയേനെ.
മെമ്പര്‍ പറഞ്ഞതനുസരിച്ചാണ് ഞങ്ങള്‍ ഇവിടുന്ന് ഗവണ്‍മെന്‍റ് സ്കൂളിലേക്ക് മാറിയത്. അവിടെ ചെന്നപ്പോ റേഷന്‍കാര്‍ഡ് വേണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ആധാറും മൊബൈല്‍ നമ്പറും പോരേന്നു ചോദിച്ചിട്ടും പോരാ റേഷന്‍കാര്‍ഡ് വേണമെന്ന് നിര്‍ബന്ധിച്ചപ്പോഴാണ് അതെടുക്കാനായി വീട്ടിലേക്ക് മടങ്ങിയെത്തിയത്. അപ്പോള്‍ സമയം എട്ടുമണിയായി. ഓട്ടോ വിളിച്ച് വന്ന് റേഷന്‍കാര്‍ഡ് എടുത്തോണ്ടു പോയതിന് പിന്നാലെയാണ് അപകടമുണ്ടായത്. പത്തുമിനിറ്റ് താമസിച്ചായിരുന്നേ ഞാനും പെട്ടേനെ. അപകടത്തില്‍ പെട്ടവരും റേഷന്‍കാര്‍ഡ് എടുക്കാന്‍ വന്നതാണ്. അങ്ങനെയാണ് അവര്‍ അതില്‍പെട്ട് പോകുന്നത്'.
അതേസമയം, മണ്ണിടിച്ചിലില്‍ എട്ടുവീടുകള്‍ തകര്‍ന്നുവെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. രണ്ടുവീടുകള്‍ പൂര്‍ണമായും ആറു വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രദേശത്ത് വീണ്ടും മണ്ണിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അശാസ്ത്രീയമായ മണ്ണെടുപ്പ് വരുത്തിവച്ച ദുരന്തമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.