പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെയും സിപിഎമ്മിനെയും നിര്‍ത്തിപ്പൊരിച്ച് എഴുത്തുകാരി സാറ ജോസഫ്. ‘കാലം കാത്തിരിക്കുന്നു, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടായ പി.എം. ശ്രീ കുട്ടികള്‍ക്കായി...’ എന്ന് സാറ ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്നേഹം മരിക്കാത്തിടത്തോളം കമ്യൂണിസം പ്രസക്തമാണ്. തലതിരഞ്ഞത് ആശയത്തിനല്ല, പ്രയോക്താക്കള്‍ക്കാണെന്നും പോസ്റ്റിനുതാഴെ വന്ന ഒരു കമന്‍റിന് മറുപടിയായി സാറ ജോസഫ് പറഞ്ഞു. ആദ്യം എതിര്‍ക്കുകയും പിന്നീട് കേന്ദ്രഫണ്ടിന്‍റെ പേരുപറഞ്ഞ് പി.എം.ശ്രീ പദ്ധതി ഒപ്പുവയ്ക്കുകയും ചെയ്തതിനെതിരെ ഇടതുമുന്നണിയില്‍ സിപിഐ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് ഇടതുപക്ഷ സഹയാത്രികയായ സാറ ജോസഫിന്‍റെ കുറിപ്പ്.
ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പി.എം. ശ്രീ സ്കൂള്‍ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഇത് ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനുള്ള നയവും പരിപാടിയുമാണെന്ന് ആരോപിച്ച് കേരളമടക്കം കേന്ദ്രത്തിലെ പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിട്ടുനിന്നു. തമിഴ്നാടും ബംഗാളും എന്‍ഇപിയ്ക്ക് ബദലായി പുതിയ സംസ്ഥാന വിദ്യാഭ്യാസനയം കൊണ്ടുവരികയും ചെയ്തു.
എന്നാല്‍ കേന്ദ്രഫണ്ടുകളും ഗ്രാന്‍റുകളും പി.എം.ശ്രീ പദ്ധതിയുമായി ബന്ധിപ്പിച്ചതോടെ പല സംസ്ഥാനങ്ങള്‍ക്കും ഇത് അംഗീകരിക്കേണ്ടിവന്നു. എന്‍ഇപി വേറെ, പി.എം.ശ്രീ വേറെ എന്നുപറഞ്ഞാണ് ഇപ്പോള്‍ സിപിഎം പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടതിനെ ന്യായീകരിക്കുന്നത്. എന്നാല്‍ എന്‍.ഇ.പിയുടെ ഭാഗം തന്നെയാണ് പി.എം. ശ്രീ എന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുമ്പോള്‍ ഘടകകക്ഷികളില്‍ നിന്നും സഹയാത്രികരില്‍ നിന്നും ഉയരുന്ന വിമര്‍ശനത്തെ എങ്ങനെ നേരിടുമെന്നറിയാതെ കുഴങ്ങുകയാണ് സിപിഎം നേതൃത്വം.