murari-babu

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെ കുരുക്കി മുരാരി ബാബുവിന്‍റെ മൊഴി. സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയത് പ്രസിഡന്‍റ് എ.പത്മകുമാറും കമ്മീഷണര്‍ എന്‍.വാസുവും അറിഞ്ഞിരുന്നതായാണ് മൊഴി നല്‍കിയത്. ഇതിനിടെ മിച്ചം വന്ന സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിറ്റിരുന്നതായി ബെംഗളൂരുവിലെ വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതോടെ പോറ്റിയുമായി തെളിവെടുപ്പിന് അന്വേഷണസംഘം പുറപ്പെട്ടു. അതേസമയം 2025ലെ സ്വര്‍ണം പൂശലില്‍ വീഴ്ച പറ്റിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് സമ്മതിച്ചു. 

ശബരിമലയില്‍ നിന്ന് അടിച്ചുമാറ്റിയ സ്വര്‍ണം എവിടെയെന്ന ചോദ്യത്തിന് നിര്‍ണായക ഉത്തരത്തിലേക്ക് നീങ്ങുകയാണ് അന്വേഷണസംഘം. ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്ന് വേര്‍പ്പെടുത്തിയെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിറ്റൂവെന്നാണ് മൊഴി. സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധനാണ് മൊഴി നല്‍കിയത്. അതിന്‍റെ തെളിവുകള്‍ കൈവശമുണ്ടെന്നും അന്വേഷണസംഘത്തെ അറിയിച്ചു. ഇതോടെ ആ സ്വര്‍ണം വീണ്ടെടുക്കാനായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അന്വേഷണസംഘം ബംഗളൂരുവിലേക്ക് തിരിച്ചു. അവിടത്തെ തെളിവെടുപ്പിന് ശേഷം സ്വര്‍ണം പൂശിയ ചെന്നൈയിലുമെത്തിച്ച് തെളിവെടുക്കും.

അതിനിടെ മുരാരി ബാബുവിന്‍റെ മൊഴി എ.പത്മകുമാറും എന്‍.വാസുവും ഉള്‍പ്പടെയുള്ളവരെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കുകയാണ്. സ്വര്‍ണപ്പാളിയെ ചെമ്പെന്ന് രേഖപ്പെടുത്തിയത് തട്ടിപ്പിന്‍റെ ഭാഗമായല്ലെന്ന് അവകാശപ്പെട്ട മുരാരി ബാബു, അങ്ങിനെ രേഖപ്പെടുത്തിയ കാര്യം  എ.പത്മകുമാറിന്‍റെ നേതൃത്വത്തിലെ ദേവസ്വം ബോര്‍ഡും കമ്മീഷണറായിരുന്ന എന്‍.വാസുവും എക്സിക്യുട്ടീവ് ഓഫീസറടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരും കണ്ടിരുന്നു. അവരാരും തിരുത്തിയില്ല. തിരുത്തിയിരുന്നെങ്കില്‍ മാറ്റിയെഴുതുമായിരുന്നൂവെന്നും മൊഴി നല്‍കി. 

ഈ മൊഴി പ്രത്യേക അന്വേഷണ സംഘം വിശ്വസിക്കുന്നില്ലങ്കിലും പത്മകുമാര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നുണ്ട്. അതിനിടെ 2025ലെ ഇടപാടിലെ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ ദേവസ്വം ബോര്‍ഡ് വീഴ്ച സമ്മതിച്ചു. എന്നാല്‍ തട്ടിപ്പില്‍ പങ്കില്ലെന്ന് കാര്യങ്ങള്‍ വിശദീകരിച്ച് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനുമാണ് തീരുമാനം.

ENGLISH SUMMARY:

Sabarimala gold scam is under investigation after the theft of gold from the temple. The special investigation team is actively working to recover the missing gold and determine the extent of the involvement of various individuals and the Devaswom Board.