പി.എം. ശ്രീ പദ്ധതി അംഗീകരിച്ച വിദ്യാഭ്യാസവകുപ്പും മന്ത്രിയും തെറ്റായ വഴിയിലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോന്‍. കേന്ദ്രഫണ്ട് ലഭിക്കാന്‍ മറ്റുമാര്‍ഗമില്ലാത്തതുകൊണ്ടാണ് പദ്ധതിയില്‍ ഒപ്പുവച്ചതെന്ന സര്‍ക്കാര്‍ വിശദീകരണത്തെ ജിസ്മോന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
സാമ്പത്തിക ദാരിദ്ര്യത്തിന് കമ്യൂണിസ്റ്റുകളെ തോല്‍പ്പിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. പദ്ധതിയില്‍ ഒപ്പുവച്ചതിനെ അഭിനന്ദിക്കാന്‍ എ.ബി.വി.പി നേതാക്കള്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ സന്ദര്‍ശിച്ച ചിത്രം പങ്കുവച്ചാണ് ജിസ്മോന്‍റെ പോസ്റ്റ്. ഏതുപ്രതിസന്ധിയെയും ആന്തരികവും ബാഹ്യവുമായ സമരങ്ങളിലൂടെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് കമ്യൂണിസത്തിന്‍റെ പാഠം. അതിന് ഒട്ടേറെ ഉദാഹരണങ്ങളും മുന്നിലുണ്ട്. സാമ്പത്തിക ആവശ്യങ്ങളും രാഷ്ട്രീയ ആവശ്യങ്ങളും തിരിച്ചറിയാുള്ള ശേഷി ശിവന്‍കുട്ടി സഖാവിനുണ്ടാകണം എന്നുകൂടി പറഞ്ഞുവച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
ടി.ടി.ജിസ്മോന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ
‘കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാൽ വേറെ വഴിയില്ലത്രേ! സാമ്പത്തിക ദാരിദ്ര്യത്തിന് കമ്മ്യൂണിസ്റ്റുകളെ തോല്പിക്കാനാകുമോ? ഏതു പ്രതിസന്ധിയെയും അന്തരികവും ബാഹ്യവുമായ സമരത്തിലൂടെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ഞങ്ങൾ പഠിച്ച കമ്മ്യൂണിസം പറയുന്നത്. അതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. പുന്നപ്ര-വയലാർ സമരത്തിലേക്ക് പോകും മുൻപ് സർ സി.പിയുമായി സഖാവ് ടി.വി തോമസിന്‍റെ നേതൃത്വത്തിൽ 27 ആവശ്യങ്ങളുയർത്തി ചർച്ചനടത്തി.
രാഷ്ട്രീയ ആവശ്യങ്ങളും സാമ്പത്തിക ആവശ്യങ്ങളുമായിരുന്നു അതിലുണ്ടായിരുന്നത്. സി.പി നേതാക്കളോട് പറഞ്ഞത് ‘സാമ്പത്തിക ആവശ്യങ്ങൾ എല്ലാം ഞാൻ അംഗീകരിക്കുന്നു രാഷ്ട്രീയ ആവശ്യങ്ങൾ പിൻവലിക്കണം’ എന്നായിരുന്നു. സഖാവ് ടി.വി തോമസ് തിരിച്ചുപറഞ്ഞത് ‘സാമ്പത്തിക ആവശ്യങ്ങൾ എല്ലാം പിൻവലിക്കാം, രാഷ്ട്രീയ ആവശ്യങ്ങൾ അംഗീകരിച്ചാൽ...’ രോഷാകുലനായ സർ സി പി അലറിക്കൊണ്ട് പറഞ്ഞത് നാലായിരം പട്ടാളക്കാരും എണ്ണായിരം പോലീസുകാരും ഉണ്ടെന്നാണ്. എങ്കിൽ നമുക്ക് കാണാം, എന്നുപറഞ്ഞ ധീരനായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്ന മണ്ണാണ് കേരളം. അതുകൊണ്ട് സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ശിവൻകുട്ടി സഖാവിനുണ്ടാകണം. പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിന് എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പും സഖാവും ഈ വിഷയത്തിൽ തെറ്റായ പാതയിലാണ്. എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ല.’