ശബരിമലയിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ഗൂഡാലോചന നടത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. ദ്വാരപാലക ശില്‍പ്പപാളിയിലെയും കട്ടിളപ്പടിയിലെയും സ്വര്‍ണം കവര്‍ന്ന രണ്ട് കേസിലും അറസ്റ്റ് ചെയ്ത മുരാരി ബാബുവിനെ ജയിലിലേക്ക് മാറ്റി. മുരാരി ബാബുവിനെ ചോദ്യം ചെയ്താല്‍ ഉന്നത ഗൂഡാലോചന വ്യക്തമാകുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
Also Read: സ്വര്‍ണക്കൊള്ള: ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍
ശബരിമലയില്‍ ആസൂത്രിത സ്വര്‍ണക്കൊള്ള തുടങ്ങിയ 2019 മുതല്‍ കവര്‍ച്ച പിടിക്കപ്പെട്ട 2025 വരെ സന്നിധാനത്ത് സുപ്രധാന പദവിയില്‍ തുടര്‍ച്ചയായി ഇരുന്ന ഏക ഉദ്യോഗസ്ഥനാണ് മുരാരി ബാബു. ആദ്യം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പിന്നീട് എക്സിക്യുട്ടീവ് ഓഫീസറും ഒടുവില്‍ ഡെപ്യൂട്ടി കമ്മീഷണറായും ഉയര്‍ന്ന സ്വാധീനമുള്ള ഉദ്യോഗസ്ഥന്‍. അതുകൊണ്ട് തന്നെ സ്വര്‍ണക്കവര്‍ച്ചയിലെ ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും പങ്ക് കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ തുടക്കമെന്ന നിലയിലാണ് ഇന്നലെ രാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരത്തെത്തിച്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രണ്ട് കേസിലും അറസ്റ്റ് രേഖപ്പെടുത്തി.
മുരാരി ബാബുവിന്‍റെ പങ്കിന് തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്ഐടി വ്യക്തമാക്കി. സ്വര്‍ണപാളിയെ ചെമ്പാക്കി ആദ്യമായി വ്യാജരേഖയുണ്ടാക്കിയത് മുരാരി ബാബുവാണ്. ഇത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ഗൂഡാലോചനയുടെ ഭാഗം. സ്വര്‍ണക്കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. പക്ഷെ റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഉടനടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. 29 മുതല്‍ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മതിയെന്നും പറഞ്ഞു. ഇതോടെ 14 ദിവസത്തേക്ക് ജയിലിലേക്ക് മാറ്റി. സ്വര്‍ണക്കവര്‍ച്ചയില്‍ ജയിലില്‍ പോകുന്ന ആദ്യയാളായി മുരാരി ബാബു. മുരാരി ബാബുവിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കപ്പുറമുള്ള ഉന്നതതല ഗൂഡാലോചന വ്യക്തമാകുമെന്നാണ് എസ്ഐടി പ്രതീക്ഷിക്കുന്നത്.