ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബു അറസ്റ്റില്‍. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു. ഇന്നലെ രാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണം ചെമ്പാക്കാന്‍ തുടക്കമിട്ടത് മുരാരി ബാബുവാണ്. 2019ല്‍ ദേവസ്വം അഡ്. ഓഫിസറായിരുന്നു മുരാരി ബാബു. സ്വര്‍ണക്കൊളളയില്‍ അറസ്റ്റിലാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്. 2025ലെ സ്വര്‍ണം പൂശലിലും ചോദ്യം ചെയ്യും.
സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് മുന്‍ അഡ്മിസ്ട്രേറ്റീവ് ഓഫിസര്‍ ആയിരുന്ന മുരാരി ബാബുവാണ്. സ്വര്‍ണം പൂശിയത് ചെമ്പെന്ന് തെളിഞ്ഞതിനാല്‍ ആണ് അങ്ങനെ രേഖപ്പെടുത്തിയത് എന്നായിരുന്നു മുരാരി ബാബുവിന്റെ പ്രതികരണം. 2019 ലും 2024 ലും പാളികൾ ചെമ്പെന്നു തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. മുരാരി ബാബു മുന്‍പ് പറഞ്ഞ പ്രതികരണങ്ങളിലേക്ക്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡും പ്രതിക്കൂട്ടിലായത് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷവും പ്രതിരോധിക്കാൻ സർക്കാരും തയ്യാറെടുക്കുന്നു. 2025ലെ സ്വർണ്ണം പൂശലിനെകുറിച്ച് ഹൈക്കോടതി നടത്തിയ പരാമർശം റദ്ദാക്കാനായി ദേവസ്വം ബോർഡ് ഇന്നോ നാളെയോ കോടതിയെ സമീപിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ ബോർഡ് സഹായിച്ചിട്ടില്ലെന്നും നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയാണ് സ്വർണ്ണം പൂശൽ നടപ്പാക്കിയതെന്നും രേഖാമൂലം ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് മാധ്യമങ്ങളെ കണ്ട് ആരോപണങ്ങൾക്ക് മറുപടി നൽകും. ദേവസം മന്ത്രി വി.എൻ വാസവന്റെയും പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും രാജി ആവശ്യവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. യൂത്ത് കോൺഗ്രസ് ഇന്ന് ദേവസ്വം ബോർഡിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ബിജെപിയും സമരം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ സെക്രട്ടറിയേറ്റ് ഉപരോധവുംരാപ്പകൽ സമരവും സംഘടിപ്പിച്ചിട്ടുണ്ട്.