TOPICS COVERED

നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.ആര്‍.ലഗേഷ്(62) ആണ് മരിച്ചത്. കൊല്ലം അഞ്ചാലുംമൂട്ടില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ലഗേഷ് പ്രഫഷനല്‍ നാടകത്തില്‍ സജീവമായത്. ഇരുപത് വര്‍ഷമായി നാടകരംഗത്തുണ്ടായിരുന്നു. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലഗേഷ് കുഴഞ്ഞുവീണത്.

തിങ്കളാഴ്ച പെരുമൺ മുണ്ടക്കൽ ചിറ്റയം പ്രീമിയർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികാഘോഷ വേദിയിലാണ് ലഗേഷും സംഘവും 'വാർത്ത' എന്ന നാടകം അവതരിപ്പിച്ചത്. ലോപസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ പ്രമേയമാക്കുന്ന നാടകമായിരുന്നു ഇത്.

മദ്യപിച്ച് പാട്ടിനൊപ്പം ചുവടുവെക്കുന്ന രംഗമെത്തിയപ്പോഴാണ് ലഗേഷ് കുഴഞ്ഞുവീണത്. മദ്യപിച്ച് വീഴുന്നതായി അദ്ദേഹം അഭിനയിക്കുകയാണെന്ന് കൂടെയുണ്ടായിരുന്നവർ കരുതി. പിന്നീടാണ് അവശനിലയിൽ ആണെന്ന് കണ്ടെത്തിയത്.രാജലക്ഷ്മിയാണ് ഭാര്യ. ഐശ്വര്യ ലഗേഷ്, അമൽ ലഗേഷ് എന്നിവര്‍ മക്കളാണ്.

ENGLISH SUMMARY:

Actor death: A Malayalam theatre actor, P.R. Lagesh, collapsed and died on stage while performing in Kollam. The 62-year-old actor, a native of Alappuzha Champakulam, was rushed to the hospital but was pronounced dead.